കൊല്ലങ്കോട്: വാഴപ്പുഴ പറത്തോട്ടില്‍ ഇരുപത്തിയൊന്നു കുടുംബങ്ങള്‍ പ്രാഥമിക സൗകര്യങ്ങളില്ലാതെ ദുരിതത്തില്‍. പനയോല മേഞ്ഞ് പ്രാചീനരീതിയിലുള്ള ചെറ്റക്കുടിലിലാണ് അഞ്ചും ആറും അംഗങ്ങളുള്ള കുടുംബങ്ങള്‍ അന്തിയുറങ്ങുന്നത്.വാഴപ്പുഴയിലുള്ള മുപ്പതോളം വിദ്യാര്‍ഥികള്‍ സ്കൂളിലെത്തുന്നത് പയിലൂരിലുള്ള ജിഎല്‍പി സ്കൂള്‍ അധ്യാപകരുടെ കാരുണ്യംകൊണ്ടു മാത്രമാണ്. പെരുമാള്‍ മലയുടെ അമ്പതുമീറ്റര്‍ മാത്രം ദൂരപരിധിയിലാണ് രണ്ടു മുസ്ലിം കുടുംബങ്ങള്‍ ഉള്‍പ്പെടെ 21 കുടുംബങ്ങള്‍ ഭാവിയില്‍ പ്രതീക്ഷയില്ലാതെ ജീവിതം തള്ളിനീക്കുന്നത്.
വര്‍ഷക്കാലത്ത് മലയില്‍നിന്നുണ്ടാകുന്ന ഒഴുക്കില്‍നിന്നുള്ള വെള്ളം ശേഖരിച്ചാണ് വീടുകളിലേക്ക് കുടിവെള്ളത്തിനു പഞ്ചായത്ത് വഴിയൊരുക്കിയിരിക്കുന്നത്.എന്നാല്‍ ഇതുപ്രകാരം മാര്‍ച്ച്, ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ തീരെ വെള്ളം ലഭിക്കാറില്ലെന്നാണ് ആറുച്ചാമി, മുരുകന്, ദേവി, പുഷ്പാമണി, അപ്പു, മാരി, രാജന് സുബ്രഹ്്മണ്യന്, മണികണ്ഠന്, വേലായുധന് എന്നിവര്‍ ഉള്‍പ്പെട്ട ഇരുപത്തിയൊന്നു കുടുംബങ്ങളുടെ ആവലാതി. നാനൂറുമീറ്ററോളം വയല്‍വരമ്പിലൂടെ കാല്‍നടയായി വേണം വീടുകളിലേക്ക് എത്താന്‍.
കോളനിയിലുണ്ടാകുന്ന മരണാനന്തര സംസ്കാരത്തിനു വരമ്പിലൂടെ സഞ്ചരിക്കുന്നതും ഏറെ ദുഷ്കരമാണ്. പഞ്ചായത്ത് അധികൃതര്‍ വീടുനിര്‍മാണത്തിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കല്ലും മണലും ഇഷ്ടികയും കൊണ്ടുപോകുന്നതിനു വഴിയില്ലാത്തതിനാല്‍ മുടങ്ങിയിരിക്കുകയാണെന്നു പരാതിയുണ്ട്. മിക്ക വീടുകളിലും കക്കൂസ് നിര്‍മിക്കാനും അധികൃതര്‍ ഇതുവരെ നടപടിയെടുത്തില്ലെന്നും കോളനിനിവാസികള്‍ പറഞ്ഞു. ഇതിനു പുറമേ കോളനികളില്‍ പൂര്‍ണതോതില്‍ വൈദ്യുതീകരണവും നടന്നിട്ടില്ല.
മലയടിവാരമായതിനാല്‍ പന്നി, ചെന്നായ, കാട്ടുപോത്ത് ശല്യവും കോളനിവാസികളുടെ ദുരിതത്തിന് ആക്കം കൂട്ടുന്നു. ഇവിടത്തെ താമസക്കാര്‍ക്കു അസുഖം ബാധിച്ചാല്‍ നാനൂറുമീറ്ററോളം വയല്‍വരമ്പിലൂടെ കൊണ്ടുപോയി വേണം ഓട്ടോയില്‍ കയറ്റാന്‍.ഗതാഗതസൗകര്യമില്ലാത്തതിനാല്‍ സ്കൂള്‍ അധ്യാപകരുടെ ചെലവില്‍ ഓട്ടോ വരുത്തിയാണ് അഞ്ചുകിലോമീറ്റര്‍ അകലെയുള്ള പയിലൂര്‍ സ്കൂളിലേക്കു വിദ്യാര്‍ഥികളെ എത്തിക്കുന്നത്.
മലയോരമേഖലയിലുള്ള ആദിവാസി കുടുംബങ്ങള്‍ക്കു പ്രാഥമിക സൗകര്യം എത്തിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് ഇതുവരെ സധിച്ചിട്ടില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പു വരുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും സ്ഥാനാര്‍ഥി കളുമെത്തി വികസനപദ്ധതികള്‍ വാഗ്ദാനം ചെയ്ത് തിരിച്ചുപോയാല്‍ പിന്നീട് അടുത്ത തെരഞ്ഞെടുപ്പു കാലത്താണ് വീണ്ടും കാണാനെത്തുന്നതെന്ന് കോളനിവാസികള്‍ കുറ്റപ്പെടുത്തി.