ആഡംബരത്തിന്റെ അവസാന വാക്കാകുകയാണ് ഇറ്റാലിയൻ കന്പനിയായ ബാൽഡി നിർമിച്ച ബാത്ത് ടബ്ബുകൾ. പൂർണമായും സ്ഫടികത്തിൽ നിർമിച്ചിരിക്കുന്ന ഈ ബാത്ത് ടബ്ബിന്റെ വില ഒരു മില്യണ്‍ അമേരിക്കൻ ഡോളറാണ്. അതായത് ഏകദേശം ഏഴു കോടി ഇന്ത്യൻ രൂപ.
ആമസോണിലെ മഴക്കാടുകളിൽ നിന്ന് ശേഖരിച്ച പത്തു ടണ്‍ ഭാരം വരുന്ന സ്ഫടിക കല്ലുകൾ കൊത്തിയാണ് ഈ ബാത്ത് ടബ്ബ് നിർമിച്ചിരിക്കുന്നത്. ബ്രസീലിൽനിന്ന് ഇറ്റലിയിലെത്തിച്ച കല്ലുകൾ നൂറുകണക്കിന് കലാകാരൻമാർ ചേർന്നാണ് കൊത്തി ബാത്ത് ടബ്ബാക്കി മാറ്റിയത്.
റോസ്, വെള്ള, പച്ച നിറങ്ങളിൽ ബാത്ത് ടബ്ബുകൾ ലഭ്യമാണ്. രണ്ടടി ഉയരവും ആറടി നീളവുമുള്ള ഈ ബാത്ത് ടബ്ബിൽ ഒരു സമയം മൂന്നുപേർക്ക് വരെ കിടന്ന് കുളിക്കാം. ദുബായിലാണ് ഈ ബാത്ത് ടബ്ബുകളുടെ വിൽപ്പന നടക്കുന്നത്. സ്ഫടികത്തിന് രോഗങ്ങൾ സുഖമാക്കാനുള്ള കഴിവുണ്ടെന്നാണ് അറബിനാടുകളിലുള്ള വിശ്വാസം. അതുകൊണ്ടുതന്നെ അവിടെ ഇവയ്ക്ക് മികച്ച മാർക്കറ്റുണ്ടാകുമെന്നാണ് ഇറ്റാലിയൻ കന്പനിയുടെ കണക്കുകൂട്ടൽ.