മുംബൈ: ബാത്ത് ടബ്ബില്‍ വീണ് ഒരാള്‍ എങ്ങനെയാണ് മുങ്ങി മരിക്കുന്നത് ? ഇന്ത്യന്‍ സിനിമയിലെ നിത്യഹരിത നായികയായിരുന്ന ശ്രീദേവിയുടെ മരണവിവരമറിഞ്ഞവരെല്ലാം സ്വയം ചോദിച്ചിട്ടുണ്ടാവുക ഈ ചോദ്യമാണ്. എന്നാല്‍ ബാത്ത്ടബ്ബില്‍ വീണുള്ള മരണങ്ങള്‍ അസാധാരണ സംഭവമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അമേരിക്കയിലും ജപ്പാനിലും ഒട്ടേറെ സെലിബ്രിറ്റികളുടെ ജീവനെടുത്ത ബാത്ത്ടബ്ബെന്ന വില്ലനെക്കുറിച്ച് ഇന്ത്യാക്കാര്‍ക്ക് വേണ്ടത്ര പരിചയമില്ലെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത്തരം മരണങ്ങളെ ഗാര്‍ഹിക അപകടങ്ങളുടെ കൂട്ടത്തിലാണ് സാധാരണ ഉള്‍പ്പെടുത്താറ്. മാത്രവുമല്ല പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് ഇത്തരം അപകടങ്ങള്‍ക്ക് വിധേയമാകുന്നതെന്നും പഠനം പറയുന്നു.
മാര്‍ച്ച് 2017ല്‍ പ്രസിദ്ധീകരിച്ച ജേര്‍ണല്‍ ഓഫ് ജനറല്‍ ആന്‍ഡ് ഫാമിലി മെഡിസിനിലെ റിപ്പോര്‍ട്ട് പ്രകാരം ജപ്പാനില്‍ ഓരോ വര്‍ഷവും കുളിമുറിയുമായി ബന്ധപ്പെട്ട 19,000ല്‍പ്പരം അപകട മരണങ്ങള്‍ സംഭവിക്കാറുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ബാത്ത്ടബ്ബില്‍ മുങ്ങിമരിക്കുന്നവരുടെ എണ്ണത്തില്‍ 70ശതമാനത്തോളം വര്‍ദ്ധനവുണ്ടായി. ഇത്തരം അപകടങ്ങളില്‍ പെടുന്ന 10ല്‍ ഒമ്പത് പേരും 65 വയസിന് മുകളിലുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കയിലും സ്ഥിതി വ്യത്യസ്ഥമല്ല. അമേരിക്കയില്‍ ഒരു ദിവസം ഒരാളെങ്കിലും ബാത്ത്ടബ്ബ്, ഹോട്ട് ടബ്ബ് തുടങ്ങിയ സ്ഥലങ്ങളില്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ പലപ്പോഴും മദ്യവും മയക്കുമരുന്നും വില്ലനാകാറുണ്ട്. വര്‍ഷം തോറും 15 വയസിന് താഴെയുള്ള രണ്ട് ലക്ഷം ആളുകളെങ്കിലും ബാത്ത്‌റൂമില്‍ സംഭവിച്ച അപകടങ്ങളുടെ പേരില്‍ ആശുപത്രിയില്‍ എത്താറുണ്ട്.
കുളിക്കുമ്പോഴായിരിക്കും മിക്കപ്പോഴും ഇത്തരം അപകടങ്ങള്‍ സംഭവിക്കുന്നത്.ബാത്ത്‌റൂമിലെ അപകടത്തില്‍ പെടുന്നവരില്‍ കൂടുതല്‍ സ്ത്രീകളാണെന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം അപകടങ്ങളെക്കുറിച്ചുള്ള പഠനങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്ന വിവരം. ശ്രീദേവിയുടെ മരണം ഇത്തരമൊരു അപകട സാധ്യതയെക്കുറിച്ചാണ് വിളിച്ചോതുന്നത്.