കുറവിലങ്ങാട്: കുര്യനാട്ട് ആശങ്കയും കൗതുകവും സമ്മാനിച്ച് വവ്വാലുകളുടെ കൂട്ടപ്പറക്കൽ. ഇന്നലെ രാവിലെയാണ് നാട്ടിലാകെ ചർച്ചയ്ക്ക് വഴിയൊരുക്കി നൂറുകണക്കിനു വവ്വാലുകൾ കൂട്ടത്തോടെ പറന്നത്.
എംസി റോഡിൽ മുണ്ടിയാനിപ്പുറം ഭാഗത്ത് രണ്ടു മരങ്ങളിലായി കൂടുകൂട്ടിയിരുന്ന വവ്വാലുകൾ ആർക്കും ശല്യമുണ്ടാക്കിയിരുന്നില്ല. വവ്വാലുകളുടെ സാന്നിധ്യം ആർക്കും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നുമില്ല. ഇന്നലെ രാവിലെ വലിയ ശബ്ദം കേട്ടതിന് പിന്നാലെയാണ് വവ്വാലുകൾ കൂട്ടത്തോടെ പറന്നത്.
നൂറുകണക്കിനു വവ്വാലുകളുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ആയിരമല്ലെന്ന മറുപടിയാണു നാട്ടുകാർ നൽകിയത്. നിപ്പ വൈറസിന്റെ പേരിൽ വവ്വാലുകളെ വില്ലൻ വേഷത്തിൽ നിറുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് നാട്ടിൽ ആശങ്ക വളർന്നിരിക്കുന്നത്. എന്നാൽ കൂട്ടമായി വവ്വാലുകൾ പറന്നത് കൗതുകത്തിനും ഇടയാക്കി.