സ്റ്റോക്ക്ഹോം (സ്വീഡൻ): ടൂത്ത് പേസ്റ്റ് പോലെ, ഏത് ആകൃതിയിലേക്കും മാറ്റാൻ കഴിയുന്ന “ബാറ്ററി’ വികസിപ്പിച്ചെടുത്ത് സ്വീഡിഷ് ഗവേഷകർ. ഭാവിയിലെ മെഡിക്കൽ ഉപകരണങ്ങൾ, റോബോട്ടുകൾ, ധരിക്കാനുതകുന്ന ഉപകരണങ്ങൾ തുടങ്ങിയവയുടെ വികസനത്തെ മാറ്റിമറിക്കുന്ന വിപ്ലവകരമായ കണ്ടുപിടിത്തം ആണിതെന്നു വിലയിരുത്തപ്പെടുന്നു.
റബർപോലുള്ള സംയുക്തപദാർഥങ്ങൾ ഉപയോഗിച്ച് വലിച്ചുനീട്ടാവുന്ന ബാറ്ററികൾ നിർമിക്കാൻ നേരത്തെയും ശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, ബാറ്ററിയിൽ ഉപയോഗിക്കുന്ന ഇലക്ട്രോഡുകളുടെ കാഠിന്യം ഇതിനു വിഘാതമാകുകയായിരുന്നു.
ഇതിനു പരിഹാരമായി കടലാസ് നിർമാണത്തിൽനിന്നുള്ള ഉപോത്പന്നമായ ചാലക പ്ലാസ്റ്റിക്കുകളും ലിഗ്നിനും അടിസ്ഥാനമാക്കിയാണ് ലിൻകോപിംഗ് സർവകലാശാലയിലെ ഗവേഷകർ പേസ്റ്റ് രൂപത്തിലുള്ള ബാറ്ററി വികസിപ്പിച്ചെടുത്തത്.
500 തവണയിൽ കൂടുതൽ റീചാർജ് ചെയ്യാനും ഡിസ്ചാർജ് ചെയ്യാനും കഴിയുന്ന ഈ ബാറ്ററിയുടെ നീളം വലിച്ചുനീട്ടി ഇരട്ടിയാക്കാനാകും. ദ്രാവകങ്ങളുടെ രൂപഭേദം വരുത്താവുന്ന സ്വഭാവം ഉപയോഗിച്ച്, അടുത്ത തലമുറയിലെ ഉപകരണങ്ങളിൽ വളരെ അനുയോജ്യമായ ഫോം ഫാക്ടർ-ഫ്രീ ബാറ്ററി കോൺഫിഗറേഷനുകൾ ഇതുകൊണ്ട് ലഭ്യമാക്കാൻ കഴിയുമെന്നും അവകാശപ്പെടുന്നു.
സിങ്ക്, മാംഗനീസ് പോലുള്ള ലോഹങ്ങൾ ബാറ്ററി നിർമാണവുമായി ബന്ധപ്പെടുത്താനായാൽ ബാറ്ററിയുടെ ശേഷി വർധിപ്പിക്കാൻ കഴിയുമെന്നു ശാസ്ത്രജ്ഞർ പറയുന്നു. വ്യാവസായിക ഉപയോഗത്തിന് ഈ ബാറ്ററി തയാറായിട്ടില്ല.