ഇടുക്കി: അബദ്ധത്തിൽ മദ്യത്തിൽ ബാറ്ററി വെള്ളം ചേർത്ത് കുടിച്ച യുവാവ് മരിച്ചു. വണ്ടിപ്പെരിയാർ സ്വദേശി ജോബിൻ(40) ആണ് മരിച്ചത്. ജോബിന്റെ സുഹൃത്ത് പ്രഭുവിനെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരുടെ സുഹൃത്തായ തിരുപ്പൂരിൽ ജോലി ചെയ്യുന്ന പ്രതാപ് എന്നയാൾ കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു. മൃതദേഹം കൊണ്ടുവരാൻ ജോബിനും പ്രഭുവും ഉൾപ്പടെ അഞ്ച് പേരാണ് പോയത്.
മൃതദേഹവുമായി മടങ്ങിയെത്തിയ ഇവർ കുമളിയിലെത്തിയപ്പോൾ വാഹനം നിർത്തി. ഈ സമയം വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർ ചായ കുടിക്കാൻ പോയപ്പോൾ ജോബിനും പ്രഭുവും കൈവശമുണ്ടായിരുന്ന മദ്യം ആംബുലൻസിലുണ്ടായിരുന്ന വെള്ളം ചേർത്ത് കുടിച്ചു. ഇത് ബാറ്ററിയിൽ ഒഴിക്കാൻ ഉപയോഗിക്കുന്ന വെള്ളമായിരുന്നു.
അൽപ്പസമയത്തിന് ശേഷം ഇരുവർക്കും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടപ്പോൾ കൂടെയുണ്ടായിരുന്നവർ ഇവരെ ഉടൻതന്നെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വച്ച് ജോബിൻ മരിച്ചു. പ്രഭുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഭുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.