ഇരിങ്ങാലക്കുട: കള്ളനാണെങ്കിലും മറ്റാരേക്കാളും അവന് വിവരമുണ്ട്. അതുകൊണ്ടാണല്ലോ നശിച്ചുപോകും മുൻപ് അവനത് അടിച്ചോണ്ടു പോയത്.
ആർക്കുമില്ലാതെ നശിച്ചുപോകുന്നതിലും നല്ലതാണല്ലോ അത്…പറഞ്ഞുവന്നത് കരുവന്നൂരിലെ പഴയ പൊറത്തിശേരി പഞ്ചായത്തോഫീസ് കോന്പൗണ്ടിൽ ആരും തിരിഞ്ഞുനോക്കാതെ നശിച്ചു പോകുന്ന ലക്ഷങ്ങൾ വിലയുള്ള ജനറേറ്ററിന്റെ അവസ്ഥയെക്കുറിച്ചാണ്.
ആ ജനറേറ്ററിൽ നിന്നും ബാറ്ററി മോഷ്ടിച്ച വിരുതനെക്കുറിച്ചാണ്. 2008 ൽ ട്രയൽ റണ്‍ നടത്തിയതല്ലാതെ പിന്നൊരിക്കലും ഇതു പ്രവർത്തിപ്പിച്ചിട്ടില്ല.
കേന്ദ്ര തപാൽ വകുപ്പ് പോസ്റ്റൽ ബാങ്കിംഗ് ആരംഭിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി തടസമില്ലാതെ ലഭ്യമാക്കുന്നതിന് സ്ഥാപിച്ചതാണ് ഇത്. മഴയും വെയിലും കൊണ്ടാണു ഇതു നശിച്ചത്.
ഇതിനിടയിൽ ഉപയോഗിക്കാതെ കിടന്ന ജനറേറ്ററിൽ നിന്നും ബാറ്ററിയും മോഷണം പോയി.
പൂർണമായും ഉപയോഗ ശൂന്യമായ ഈ ജനറേറ്റർ ഇവിടെ നിന്നും മാറ്റണമെന്നാവശ്യം ശക്തമായിട്ടുണ്ട്.
അധികൃതരുടെ അനാസ്ഥയാണു ലക്ഷങ്ങൾ വിലയുള്ള ജനറേറ്റർ നശിക്കുന്നതിനു കാരണമായി ആരോപിക്കുന്നത്.