തിരുവനന്തപുരം: ഏകദിന പരന്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്കെതിരേ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. മഴ മാറിനിൽക്കുന്നതിനാൽ മത്സരം പൂർണമായും നടക്കുമെന്നാണ് കരുതപ്പെടുന്നത്. രാവിലെ 10 മുതൽ കളിയാസ്വാദകരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചു തുടങ്ങി.
രണ്ടു മാറ്റങ്ങളുമായാണ് വിൻഡീസ് വിജയം അനിവാര്യമായ മത്സരത്തിനിറങ്ങുന്നത്. പരിക്കേറ്റ ഓൾറൗണ്ടർ ആഷ്ലി നഴ്സ്, ഓപ്പണർ ചന്ദർപോൾ ഹേംരാജ് എന്നിവരെ സന്ദർശകർ ഒഴിവാക്കി. സ്പിന്നർ ദേവേന്ദ്ര ബിഷുവും ഷെയ്ൻ തോമസും അന്തിമ ഇലവനിൽ സ്ഥാനം പിടിച്ചു. അതേസമയം നാലാം മത്സരത്തിലെ വിജയ ടീമിൽ മാറ്റം വരുത്താതെയാണ് ടീം ഇന്ത്യ ഗ്രീൻഫീൽഡിലെ പോരാട്ടത്തിനിറങ്ങുന്നത്.
ഏകദിന പരന്പരയിലെ ആദ്യ നാല് മത്സരങ്ങളിലും ടോസ് ലഭിച്ച ഇന്ത്യൻ നായകന് പക്ഷേ, അനന്തപുരിയിൽ ആ ഭാഗ്യം ഒപ്പം നിന്നില്ല. ടോസ് ലഭിച്ചിരുന്നുവെങ്കിൽ ബൗളിംഗായിരുന്നു തെരഞ്ഞെടുക്കുക എന്നും രണ്ടാമത് ബൗൾ ചെയ്താൽ മഞ്ഞുവീഴ്ച പ്രശ്നമാകുമെന്നും കോഹ്ലി വിലയിരുത്തി. രണ്ടാം ബാറ്റിംഗിൽ വിക്കറ്റിൽ കാര്യമായ മാറ്റമുണ്ടാകില്ലെന്നും ഇന്ത്യൻ നായകൻ പ്രതീക്ഷ പ്രകടിപ്പിച്ചു.