ജെനീവ: മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ ഓട്ടോമൊബൈൽ ബ്രാൻഡ് ആയ പിനിൻഫരീന ജനീവ ഇന്റർനാഷണൽ മോട്ടോർഷോയിൽ ഇലക്ട്രിക് ഹൈപ്പർ കാർ അവതരിപ്പിച്ചു. ബാറ്റിസ്റ്റ എന്ന പേരിൽ അവതരിപ്പിച്ച വാഹനം 150 എണ്ണം മാത്രമേ നിർമിക്കൂ എന്നാണ് കന്പനി നല്കുന്ന സൂചന. പിനിൻഫരീനയുടെ സ്ഥാപകനും ഓട്ടോമൊബൈൽ ഡിസൈനറുമായ ബാറ്റിസ്റ്റ ഫരീനയുടെ സ്മരണാർഥമാണ് വാഹനത്തിന് ബാറ്റിസ്റ്റ എന്ന പേരു നല്കിയത്.
1,900 പിഎസ് പവറിൽ 2,300 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്ന എൻജിനാണ് വാഹനത്തിനുള്ളത്. അതുകൊണ്ടുതന്നെ രണ്ടു സെക്കൻഡ് സമയംകൊണ്ട് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ കഴിയും. ഫോർമുല 1 കാറുകളേക്കാൾ വേഗമുണ്ടെന്ന് പിനിൻഫരീന അവകാശപ്പെടുന്നുണ്ട്. ഇലക്ട്രിക് വാഹനമായതിനാൽ പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല. ഒരു തവണ ചാർജ് ചെയ്താൽ 450 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ വാഹനത്തിനാകും.