കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ യുവതിയെ ആക്രമിക്കുകയും കവര്‍ച്ച ചെയ്യുകയും ചെയ്ത സംഭവത്തില്‍ പ്രതി നൂറനാട് സ്വദേശി ബാബുകുട്ടനായുള്ള അന്വേഷണം ഊര്‍ജിതമാക്കി പോലീസ്.
സ്ഥിരമായി ട്രെയിനില്‍ കവര്‍ച്ച നടത്തുകയും പിടിച്ചുപറി നടത്തുകയും ചെയ്യുന്നയാളാണ് പ്രതിയെന്നാണ് പോലീസ് കരുതുന്നത്.
ഇയാളെ കേന്ദ്രീകരിച്ചു റെയില്‍വേ പോലീസും ആര്‍പിഎഫും ലോക്കല്‍ പോലീസും സംസ്ഥാനത്തുടനീളം തെരച്ചില്‍ ശക്തമാക്കി.
റെയില്‍വേ സ്റ്റേഷനുകളും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ഇയാള്‍ സ്ഥിരമായി ട്രെയിനില്‍ കയറി സ്ത്രീകളെ ശല്യം ചെയ്യുകയും ചില്ലറ മോഷണങ്ങള്‍ നടത്തി വരികയും ചെയ്തിരുന്നതായാണ് പോലീസ് നല്കുന്ന സൂചന.
സംഭവത്തിനു ശേഷം കടന്നു കളഞ്ഞ പ്രതി സംസ്ഥാനം വിട്ടിട്ടുണ്ടാകില്ലെന്ന നിഗമനത്തിലാണ് പോലീസ്.
ഇന്നു തന്നെ ഇയാളെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് ആര്‍പിഎഫും പോലീസും.
ന്യൂറോ ഐസിയുവിൽ
അതിനിടെ, സംഭവത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന യുവതി ആശുപത്രിയില്‍ തുടരുകയാണ്.
മുളന്തുരുത്തി സ്വദേശിനിയായ ആശയുടെ കഴുത്തിനും തലയ്ക്കും നട്ടെല്ലിനുമാണ് പരിക്കുള്ളത്.
നിലവില്‍ ആശ ന്യൂറോ വിഭാഗം ഐസിയുവിലാണ്. ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്ന് ആശുപത്രി അധികൃകര്‍ അറിയിച്ചു.
ഇന്നലെ രാവിലെ പത്തോടെ ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറില്‍ ആണ് ആക്രമണം നടന്നത്.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ യുവതിയെ കവര്‍ച്ച ചെയ്തശേഷം ദേഹോപദ്രവം നടത്തിയ പ്രതിയില്‍നിന്നു പ്രാണരക്ഷാര്‍ഥം യുവതി ട്രെയിനില്‍നിന്നു ചാടുകയായിരുന്നു.
കാഞ്ഞിരമറ്റം, പിറവം റോഡ് സ്റ്റേഷനുകള്‍ക്കിടയില്‍ ഓലിപ്പുറത്തിനു സമീപത്ത് വച്ചാണ് യുവതി ആക്രമണത്തില്‍നിന്നു രക്ഷ നേടാനായി ചാടിയത്.
ചെങ്ങന്നൂർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസിലാണ് ആശ ജോലി ചെയ്യുന്നത്.
പാസഞ്ചറില്‍ വനിതാ കമ്പാര്‍ട്ട്മെന്റിലായിരുന്നു ആശ കയറിയത്. ഇവിടെയെത്തിയ പ്രതി യുവതിയെ സ്ക്രൂ ഡ്രൈവര്‍ കാണിച്ചു കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി.
ആദ്യം മൊബൈല്‍ ഫോണ്‍ കൈക്കലാക്കി തുടര്‍ന്നു സ്വര്‍ണമാലയും വളകളും വാങ്ങിയെടുത്തു.
ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ മാറ്റാരും ഇല്ലാത്തതിനാല്‍ ആക്രമണം നടന്നതു മറ്റാരും അറിഞ്ഞിരുന്നില്ല. ഇയാള്‍ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ തുടങ്ങിയതോടെയാണ യുവതി ട്രെയിനില്‍നിന്നു ചാടിയത്.
അല്പപസമയം ട്രെയിനിന്റെ പുറത്തു തൂങ്ങിക്കിടന്ന ശേഷമാണ് യുവതി പുറത്തേക്കു മറിഞ്ഞു വീണത്.
ഇത് പ്രതി തള്ളിയിട്ടതാണോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.