കൊച്ചി: ഓടുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ചു സ്വര്‍ണ കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രധാന പ്രതിയായ ബാബുക്കുട്ടന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി.
ഇന്നലെ വിവിധയിടങ്ങളില്‍ നടന്ന തെളിവെടുപ്പിനുശേഷം പ്രതിയെ വൈകിട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മുളന്തുരുത്തി റെയില്‍വേ സ്റ്റേഷനിലും ഒലിപ്പുറം റെയില്‍വേ ട്രാക്കിലും പ്രതിയെ എത്തിച്ചാണ് ഇന്നലെ തെളിവെടുപ്പ് നടത്തിയത്.
ഡിവൈസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രാവിലെ പ്രതിയെ മുളന്തുരുത്തിയിലെത്തിച്ചു. കവര്‍ച്ച നടന്ന കഴിഞ്ഞ 28ന് ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിന്‍ മുളന്തുരുത്തി സ്റ്റേഷനില്‍ എത്തിയപ്പോള്‍,
പത്താം നമ്പര്‍ കംപാര്‍ട്മെന്റില്‍ നിന്നിറങ്ങി ഇയാള്‍ ഒന്‍പതാം നമ്പര്‍ കംപാര്‍ട്മെന്റിലേക്ക് കയറുന്നത് കണ്ട സ്റ്റേഷന് ജീവനക്കാരി ബാബുക്കുട്ടനെ തിരിച്ചറിഞ്ഞു.
തുടര്‍ന്ന് യുവതിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട ഒലിപ്പുറം റെയില്‍വേ ട്രാക്കിലും തെളിവെടുപ്പ് നടത്തി.
ഏപ്രില്‍ 28ന് രാവിലെ 8.45നാണ് ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറില്‍ മുളന്തുരുത്തി സ്വദേശിനിയായ ആശാ മുരളിയെ ആക്രമിച്ച് പ്രതി സ്വര്‍ണാഭരണങ്ങളും ബാഗും കവര്‍ന്നത്.
പിറവം റോഡില്‍ ഒലിപ്പുറംഭാഗത്ത് യുവതിയെ ട്രെയിനില്‍ നിന്നു തള്ളിയിട്ടു കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നിസാര പരിക്കുകളോടെ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു.
സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ ഒരാഴ്ച്ചക്ക് ശേഷമാണു പോലീസിന് പിടികൂടാനായത്.
മോഷ്ടിച്ച സ്വര്‍ണം വില്പന നടത്താനും, പ്രതിയെ ഒളിവില്‍ കഴിയാനും സഹായിച്ച കൂട്ടുപ്രതികളായ നാല് പേരേ കഴിഞ്ഞ ദിവസം അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.
റെയില്‍വേ പോലീസിന് നേരത്തെ ബാബുക്കുട്ടനെ കസ്റ്റഡിയില്‍ ലഭിച്ചിരുന്നു. പക്ഷേ പ്രതിക്ക് രണ്ടു തവണ അപസ്മാര ബാധ ഉണ്ടായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.
ഇതിനാല്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയാണ് ഇപ്പോള്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.