എടക്കര: രാത്രിയിൽ ഒളിഞ്ഞുനോട്ടവും മോഷണവും പതിവാക്കിയ യുവാവ് വഴിക്കടവ് പോലീസിന്റെ പിടിയിലായി. മാമാങ്കരയിലെ ഷാഹിദ് എന്ന ബാവയെയാണ്(37) വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്.
പാലാട്, മൊടപ്പൊയ്ക ഭാഗങ്ങളിൽ വീടുകളിലും മറ്റും ഒളിഞ്ഞു നോട്ടം പതിവാക്കിയ യുവാവ് മോഷണശ്രമവും നടത്തിയിരുന്നു. ശല്യം പതിവായതോടെ നാട്ടുകാരും പോലീസും പരിശോധന നടത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ തിങ്കളാഴ്ച പാലാട് കുടുംബം താമസിക്കുന്ന വീടിന്റെ കിടപ്പുമുറിയുടെ ജനൽ തുറന്നു 3600 രൂപ വിലയുള്ള മൊബൈൽ ഫോണും ഹെഡ്സെറ്റും മോഷണം പോയിരുന്നു.
ഇംഗ്ലണ്ടിലേക്കുള്ള യാത്രക്ക് തയാറെടുക്കുന്ന മകളുടെ ഫോണാണ് നഷ്ടമായത്. യാത്ര രേഖകളും മറ്റു സന്ദേശങ്ങളും അടങ്ങിയ ഫോണായിരുന്നു അത്. ഇതേത്തുടർന്നു നൽകിയ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്.
ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ച പോലീസ് വ്യാഴാഴ്ച ഉച്ചക്ക് നിലന്പൂർ ബസ് സ്റ്റാൻഡിൽ വച്ചാണ് ഷാഹിദിനെ പിടികൂടിയത്. മോഷ്ടിച്ച ഫോണിന്റെ ലോക്ക് തുറക്കാൻ മൊബൈൽ ഷോപ്പിൽ കൊടുത്തു കാത്തിരിക്കുകയായിരുന്നു ഇയാൾ.
ഫോണ് പോലീസ് കണ്ടെടുത്തു. വീടുകളിൽ ഒളിഞ്ഞുനോക്കിയതിനു മൂന്നുതവണ കോട്ടക്കൽ പോലീസിന്റെ പിടിയിലായിട്ടുണ്ട്. പാലാട് രണ്ടു വീടുകളിൽ നിന്നു 12000 രൂപ വിലയുള്ള രണ്ടു ഫോണുകളും ഹെഡ്സെറ്റും കവർന്നിട്ടുണ്ട്.
കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നു പോലീസ് പറഞ്ഞു. വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ പി. അബ്ദുൾ ബഷീർ, എസ്ഐ ബി.എസ്. ബിനു, സ്പെഷൽ സ്ക്വാഡ് എഎസ്ഐ എം. അസൈനാർ, വനിത എസ്സിപിഒ വിജിത, സിപിഒമാരായ ജാബിർ, ഉണ്ണികൃഷ്ണൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.