എന്നെ ആരും വിളിച്ചില്ല, വിളിക്കാത്ത കല്യാണത്തിന് എന്തിനു പോകണം, വ്യാജവാര്‍ത്തകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും, ദിലീപ്-കാവ്യ വിവാഹത്തില്‍ ഭാവനയ്ക്ക് പറയാനുള്ളത്

bhavanaദിലീപും കാവ്യമാധവനും തമ്മിലുള്ള വിവാഹശേഷം സോഷ്യല്‍മീഡിയയില്‍ വളരെയധികം ക്രൂശിക്കപ്പെട്ട താരങ്ങളിലൊരാളാണ് ഭാവന. കല്യാണത്തിനു വിളിച്ചെങ്കിലും പങ്കെടുക്കാന്‍ ഭാവന കൂട്ടാക്കിയില്ലെന്നായിരുന്നു വാര്‍ത്ത പരന്നത്. എന്നാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി ഭാവന തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിനു നല്കിയ അഭിമുഖത്തിലാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളൊക്കെ അടിസ്ഥാനരഹിതമാണ്. ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുന്നവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തന്റെ തീരുമാനം, ഭാവന പറഞ്ഞു. ദിലീപിന്റെയും കാവ്യയുടെയും വിവാഹം അവരുടെ വ്യക്തിപരമായ കാര്യമാണ്. എന്നെ ഒരു തരത്തിലും ബാധിക്കുന്ന ഒന്നല്ല അത്. ഇതിനോടൊന്നും പ്രതികരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നെ ക്ഷണിക്കണോ വേണ്ടയോ എന്നുള്ളത് തീരുമാനിക്കേണ്ടത് അവരാണ്. അവര്‍ക്ക് അടുപ്പമുള്ളവരെ അവര്‍ വിവാഹത്തിനു ക്ഷണിച്ചു. അത് ആരൊക്കെയാവണം എന്നുള്ളത് അവരുടെ ഇഷ്ടം. എനിക്കതില്‍ ഒരു പരിഭവവുമില്ല-ഭാവന വ്യക്തമാക്കി.

മലയാളത്തിലെ പല ഓണ്‍ലൈന്‍ മാധ്യമങ്ങളും (രാഷ്ടദീപികഡോട്ട്‌കോമില്‍ അല്ല) അടുത്ത ദിവസങ്ങളില്‍ ഭാവനയെ കടന്നാക്രമിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്കിയിരുന്നു. താരദമ്പതികളെ തമ്മില്‍ അടുപ്പിച്ചത് ഭാവനയാണെന്നും കാര്യങ്ങള്‍ വഷളാക്കിയതില്‍ അവര്‍ക്ക് പങ്കുണ്ടെന്നുമായിരുന്നു വ്യാജവാര്‍ത്തകള്‍.

Related posts