വൈപ്പിൻ: ബീച്ച് ടൂറിസത്തിന്റെ പറുദീസയായ വൈപ്പിനിൽ എളങ്കുന്നപ്പുഴ വളപ്പ് ബീച്ചും സന്ദർശകരുടെ ഇഷ്ടകേന്ദ്രമാകുന്നു. ഞായറാഴ്ചകളിലും മറ്റു അവധി ദിനങ്ങളിലുമെല്ലാം ഇവിടെ ചെറായി ബീച്ച് ടൂറിസ്റ്റ് കേന്ദ്രത്തിലേതിനേക്കാൾ ഏറെ സന്ദർശകരാണ് ഒഴുകിയെത്തുന്നത്.
ഔദ്യോഗികകമായി ഈ ബീച്ച് ടൂറിസം വകുപ്പോ ഡിടിപിസിയോ പഞ്ചായത്തോ ഏറ്റെടുത്തിട്ടില്ല. വടക്ക് മാലിപ്പുറം മുതൽ പുതുവൈപ്പ് ഐഒസി പദ്ധതി മേഖലക്ക് വടക്ക് വരെ ഒരു കിലോമീറ്ററിലധികം നീണ്ട് പരന്ന് കിടക്കുന്ന ബീച്ചിൽ നിറെയ പഞ്ചസാര മണലാണ്.
കൂടാതെ കാറ്റാടി മരങ്ങളും ,ബീച്ചിനു സമാന്തരമായുള്ള ചെറുതടാകങ്ങളും സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നു.
നഗരത്തിലെയും പ്രാന്ത പ്രദേശങ്ങളിലേയും ആളുകളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. ക്രിസ്മസിനോടനുബന്ധിച്ച് ഇവിടെ നിറയെ സന്ദർശകരായിരുന്നു.
സന്ദർശകരെത്താൻ തുടങ്ങിയതോടെ നാട്ടുകാർ സംഘടിച്ച് ബീച്ച് വികസന സമിതി രൂപീകരിച്ച് അടിസ്ഥാന ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിടിപിസി അധികൃതർ ഇവിടെ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ശൗച്യാലയവും ബീച്ചിലേക്ക കടന്ന് പോകുന്ന ചിറ ബലപ്പെടുത്താനുള്ള നടപടികളും വേണമെന്നാണ് സമിതി ആവശ്യപ്പെടുന്നത്. അതേ പോലെ സന്ദർശകർ പരിധിവിട്ട് കടലിൽ ഇറങ്ങി കുളിക്കുന്നതിനാൽ ലൈഫ് ഗാർഡുകളുടെ സേവനവും ഇവിടെ അത്യാവശ്യമാണ്.