കുമരകം: റോഡ് കയ്യേറ്റം കണ്മുന്നിൽ നടന്നിട്ടും നിഷ്ക്രിയരായി അധികൃതർ. കോട്ടയം – കുമരകം റോഡിൽ ചെങ്ങളം ഭാഗത്താണ് റോഡ് കയ്യേറ്റം തകൃതിയായി നടക്കുന്നത്.
കോട്ടയം – കുമരകം റോഡിന് വീതി ഇല്ല എന്ന പരാതി വർഷങ്ങളായി നിലനിൽക്കേയാണ് റോഡ് കയ്യേറ്റം തകൃതിയായി നടക്കുന്നത്.
ഇല്ലിക്കൽ, അയ്യമാന്ത്ര, മൂന്നുമൂല തുടങ്ങിയ പ്രദേശങ്ങളിൽ റോഡ് കയ്യേറി നിർമാണം നടത്തിയിട്ടും ബന്ധപ്പെട്ടവർ നാളിതുവരെ നടപടികൾ ഒന്നും സ്വീകരിക്കാത്തതാണ് കയ്യേറ്റങ്ങൾ ആവർത്തിക്കാൻ പ്രചോദനമാകുന്നത്.
ചെങ്ങളം ഭാഗത്തു റോഡ് കയ്യേറി കെട്ടിടം നിർമിക്കുന്നതായാണ് ഇപ്പോൾ പരാതി ഉയരുന്നത്. വായനശാലക്ക് സമീപമാണ് സ്വകാര്യ വ്യക്തി അനധികൃത കയ്യേറ്റം നടത്തിയത്.
പുതിയതായി നിർമിക്കുന്ന വ്യാപാര സമുച്ചയത്തിന്റെ പാർക്കിംഗ് ഏരിയ നിർമിക്കുന്നതിന് വേണ്ടിയാണ് പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുള്ള നിർമാണ പ്രവർത്തനം.
ഏറ്റവും തിരക്കേറിയതും രണ്ടു പേരുടെ ജീവൻ അപഹരിച്ചതുമായ റോഡ് അപകടം നടന്ന സ്ഥലത്താണ് നിർമാണം.
സമീപത്തുള്ള സ്കൂളിലേക്ക് എത്താനും റോഡ് മുറിച്ചു കടക്കാനും വേണ്ടി നിർമിച്ചിരിക്കുന്ന സീബ്രാ ലൈനും കയ്യേറിയത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
വായനശാല റോഡിൽനിന്നും പ്രധാന റോഡിലെത്തി കുമരകം ഭാഗത്തേക്ക് വാഹനങ്ങൾക്ക് തിരിയാനും ഇതോടെ ബുദ്ധിമുട്ടേറി.
റോഡിലെ ഓടയോടും സമീപപ്രദേശങ്ങളിൽ കുടിവെള്ളവിതരണം നടത്തുന്ന പൈപ്പ് ലൈനോടും ചേർന്ന് സെപ്റ്റിക് ടാങ്കും ഇവിടെ നിർമിച്ചിട്ടുണ്ട്.
കയ്യേറ്റ വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പിൽ അറിയിച്ചതായും എൻജിനിയർ എത്തി സ്ഥല പരിശോധന നടത്തി തുടർ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ പറഞ്ഞു..