ആലുവ: കടുങ്ങല്ലൂരിൽ നാണയങ്ങൾ വിഴുങ്ങിയ മൂന്നു വയസുകാരൻ പൃഥ്വിരാജ് മരിച്ച സംഭവത്തിൽ പോലീസ് സർജന്റെ റിപ്പോർട്ടുകൾ ഡോക്ടർമാരെ രക്ഷിക്കുന്നതാണെന്ന് കുട്ടിയുടെ മാതാവ് നന്ദിനി ആരോപിച്ചു.
ഇതിനെതിരേ ഇന്ന് ആരോഗ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും പരാതിയുടെ പകർപ്പ് ജില്ലാ പോലീസ് മേധാവിക്കും കൈമാറുമെന്നും അവർ പറഞ്ഞു.
എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മാർട്ടം റിപ്പോർട്ട്, കാക്കനാട് കെമിക്കൽ ലാബിലെ ആന്തരികാവയവ പരിശോധനാ റിപ്പോർട്ട് എന്നിവയ്ക്കെതിരെയാണ് ബന്ധുക്കൾ രംഗത്ത് വന്നിരിക്കുന്നത്.
നാണയം വിഴുങ്ങിയതോ മറ്റ് വിഷാംശം ഉള്ളിൽ ചെന്നതോ അല്ല മരണമെന്നാണ് റിപ്പോർട്ടുകളിൽ ഉള്ളത്. തുടർച്ചയായ ശ്വാസംമുട്ടൽ കാരണം കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും നേരിയ തകരാർ ഉണ്ടായതായും രാസപരിശോധന റിപ്പോർട്ടിൽ പറയുന്നു.
കുട്ടിക്ക് ശ്വാസതടസവും ന്യുമോണിയയും ഉണ്ടെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. നേരത്തെ കുട്ടിക്ക് ശ്വാസതടസം ഉണ്ടായിരുന്നതായുള്ള കണ്ടെത്തൽ അടിസ്ഥാനരഹിതമാണെന്നും ബന്ധുക്കൾ പറഞ്ഞു.