കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്താം സീസണിലെ മികച്ച ഭാവി താരത്തിനുള്ള എമര്‍ജിംഗ് പ്ലയര്‍ അവാര്‍ഡു നേടിയ ബേസില്‍ തമ്പിയെ കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) അനുമോദിച്ചു. ഗുജറാത്ത് ലയണ്‍സിന്റെ താരമായ ബേസില്‍ അരങ്ങേറ്റ സീസണില്‍ തന്നെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
12 മത്സരങ്ങളില്‍ നിന്നായി വിരാട് കോഹ്ലി, ധോണി, ക്രിസ് ഗെയ്ല് എന്നിവരുടേതടക്കം 11 വിക്കറ്റുകള്‍ വീഴ്ത്തി. 29 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ബാറ്റിംഗില്‍ 28 റണ്‍സും ബേസിലിന്റെ പേരിലുണ്ട്.
മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി കളിക്കാരെ നേരെത്തെ കണ്ടെത്തി ശാസ്ത്രീയമായി പരിശീലിപ്പിച്ച് ഉന്നതിയില്‍ എത്തിക്കുന്ന കെസിഎയുടെ സംഘടിത ശ്രമത്തിന്റെ പരിണിത ഫലമാണ് എമര്‍ജിംഗ് പ്ലയര്‍ ബഹുമതി കേരളത്തിലേക്ക് കൊണ്ടുവരാന്‍ കേരള ക്രിക്കറ്റിനായതെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് ടി.സി. മാത്യു പറഞ്ഞു.
ഇത് രണ്ടാം തവണയാണ് എമര്‍ജിംഗ് പ്ലയര്‍ ബഹുമതി കേരള ക്രിക്കറ്റ് താരങ്ങള്‍ക്കു ലഭിക്കുന്നത്. ഇടുക്കി ജില്ലയിലൂടെ കളിയാരംഭിച്ച് പിന്നീട് എറണാകുളത്തിലൂടെ ഗുജറാത്ത് ലയണ്‍സ് ടീം വരെയെത്തിയ ബേസില്‍ കേരളത്തിലെ ക്രിക്കറ്റിന്റെ വരുംകാല മുന്നേറ്റത്തിന്റെ സൂചനയാണെന്നും ടി.സി. മാത്യു പറഞ്ഞു.
കഠിനാധ്വാനിയായ കളിക്കാരനാണ് ബേസിലെന്നും ഐപിഎലിലെ ബഹുമതി അര്‍ഹതയ്ക്കുള്ള അംഗീകാരമാണെന്നും കേരളത്തിലെ വളര്‍ന്നുവരുന്ന ക്രിക്കറ്റ് താരങ്ങള്‍ക്കുകൂടി പ്രോത്സാഹനമാണ് ബേസിലിന്റെ നേട്ടമെന്ന് കെസിഎ പ്രസിഡന്റ് ബി. വിനോദും സെക്രട്ടറി ജയേഷ് ജോര്‍ജും പറഞ്ഞു.