സ്വന്തം ലേഖകൻ
തൃശൂർ: ഒരു കോടി രൂപ ദയാധനമായി അടച്ച് അബുദാബിയിലെ ജയിലിൽനിന്നു മോചിപ്പിച്ച മലയാളി യുവാവിനു ജോലി നൽകുമെന്ന് പ്രവാസി വ്യവസായി എം.എ. യൂസഫലി. ജയിൽ മോചിതനായ തൃശൂർ പുത്തൻച്ചിറ സ്വദേശി ചെറവട്ട ബെക്സ് കൃഷ്ണൻ എന്ന നാൽപത്തഞ്ചുകാരൻ ചൊവ്വാഴ്ച അർധരാത്രിയോടെ നാട്ടിൽ തിരിച്ചെത്തി.
നെടുന്പാശേരി വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ പത്നി വീണയും മകൻ അദ്വൈതും എത്തിയിരുന്നു. വികാരനിർഭരമായ പുനഃസമാഗമമായിരുന്നു അത്. ആലിംഗനം ചെയ്തും സ്നേഹചുംബനം നൽകിയുമാണ് ഉറ്റവർ ബെക്സ് കൃഷ്ണനെ വരവേറ്റത്.
2012 സെപ്റ്റംബർ ഏഴിന് വാഹനാപകടത്തിൽ സുഡാൻ ബാലൻ മരിച്ച സംഭവത്തിലാണു ബെക്സ് കൃഷ്ണനെ ജയിലിലടച്ചതും വധശിക്ഷയ്ക്കു വിധിച്ചതും. അബുദാബി അൽ വത്ബ ജയിലിൽ കഴിഞ്ഞിരുന്ന ബെക്സിന്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങൾ ഫലിക്കാതായപ്പോഴാണ് യൂസഫലിയോടു സഹായം തേടിയത്.
നഷ്ടപരിഹാരമായി കോടതി അഞ്ചു ലക്ഷം ദിർഹം (ഒരു കോടി രൂപ) കെട്ടിവയ്ക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഈ തുക കഴിഞ്ഞ ജനുവരിയിൽ യൂസഫലി കെട്ടിവച്ചു. ബെക്സ് കൃഷ്ണനു തന്റെ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ ജോലി നൽകുമെന്ന് യൂസഫലി ഇന്നു രാവിലെ വ്യക്തമാക്കി.