കൊച്ചി: ലക്ഷദ്വീപില്‍നിന്നു കൊച്ചിയിലെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ യുവതി ഹെലികോപ്റ്ററില്‍ പ്രസവിച്ചു.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്ത ഉടനെയായിരുന്നു യുവതിയുടെ സുഖപ്രസവം. ഏഴു മാസം ഗര്‍ഭിണിയായ അഗത്തി സ്വദേശിനി നുസൈബയാണ് ഹെലികോപ്റ്ററില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
അഗത്തിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍നിന്നാണ് ഇവരെ കൊച്ചിയില്‍ എത്തിച്ചത്. തൃശൂര്‍ ദയ ആശുപത്രിയുടെ കീഴിലാണ് ഈ ആശുപത്രി പ്രവര്‍ത്തിക്കുന്നത്.
ദയ ആശുപത്രിയിലെ സിസ്റ്റര്‍ ധന്യയാണ് നുസൈബയെ ഹെലികോപ്റ്ററില്‍ ശുശ്രൂഷിച്ചത്. യുവതിയുടെ നില ആശങ്കാജനകമായതിനാലാണ് അടിയന്തരമായി പവന്‍ഹാന്‍സിന്റെ ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് കൊണ്ടു വന്നത്.
മാതാപിതാക്കളായ ഫാത്തിമ, ജമാലുദ്ദീന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. യുവതിയെ ഉടനെ പ്രത്യേക ആംബുലന്‍സില്‍ എറണാകുളം ലൂര്‍ദ് ആശുപത്രിയിലേക്കു മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നു ലൂര്‍ദ് ആശുപത്രി അധികൃതര്‍ അറിയിച്ചു.