ന്യൂഡല്‍ഹി: ബിസിസിഐയുടെ പുതിയ അഡ്മിനിസ്ട്രേറ്റര്‍മാരുടെ പേരുകള്‍ സുപ്രീം കോടതി ഇന്നു പ്രഖ്യാപിച്ചേ ക്കും. പുതിയ അഡ്മിനിസ്ട്രേറ്റര്‍മാരുടെ പേരുകള്‍ സമര്‍പ്പിക്കുന്നതിനായി മുതിര്‍ന്ന അഭിഭാഷകരായ ഗോപാല്‍ സുബ്രഹ്മണ്യം, അനില്‍ ബി. ദിവാന് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയോടു നിര്‍ദേശിച്ചിരുന്നു. ജനുവരി 19നു മുന്‍പ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. കേസ് ഇന്നു പരിഗണിക്കുമെന്നാണ് സൂചന.
ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറിനെയും സെക്രട്ടറി അജയ് ഷിര്‍ക്കയെയും തത്സ്ഥാനത്തു നിന്നു നീക്കി മുതിര്‍ന്ന വൈസ് പ്രസിഡന്റിനും ജോയിന്റ് സെക്രട്ടറിക്കും ചുമതല കൈമാറിയിരുന്നെങ്കിലും ജസ്റ്റീസ് ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായി അഡ്മിനിസ്ട്രേറ്റര്‍മാരുടെ കമ്മിറ്റി രൂപീകരിക്കാനാണ് കോടതി നിര്‍ദേശിച്ചിരുന്നത്. ലോധ കമ്മിറ്റി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരം രൂപീകരിക്കുന്ന സമിതിയില്‍ ജുഡീഷറിയില്നിന്നും, കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പ്രതിനിധി എന്നിവര്‍ ഉള്‍പ്പെട്ടവരുടെ പേരുകളാണ് നിര്‍ദേശിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.