ഒ
രു ഡോക്യുമെന്ററി ചെയ്തതിന് ബിബിസി പ്രതിക്കൂട്ടിലായി. കേവലം ഒരു ഡോക്യുമെന്ററി മാത്രമായിരുന്നില്ല അത്. കാസിരംഗ നാഷണൽ പാർക്കിലെ കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്ന രീതിയെ വികലമായി വളച്ചൊടിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടി. ബിബിസിയുടെ ദക്ഷിണേഷ്യൻ കറസ്പോണ്ടന്റായ ജസ്റ്റിൻ റോലട്ട് തയാറാക്കിയ “ഏറെ അബദ്ധജഡിലമായത്’ എന്ന ഡോക്യുമെന്ററിയിലാണ് വിവാദ പരാമർശങ്ങൾ. ജസ്റ്റിനെ കരിന്പട്ടികയിൽപ്പെടുത്താൻ മന്ത്രാലയം ആലോചിക്കുന്നുണ്ട്.
നാഷണൽ പാർക്കിലെ കാണ്ടാമൃഗങ്ങളുടെ സംരക്ഷണമൊരുക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് വെടിവയ്ക്കാനുള്ള അനുമതി നല്കിയിട്ടുണ്ട്. കാണ്ടാമൃഗങ്ങൾക്ക് ഭീഷണയാകുന്ന എന്തിനെയും അവർക്ക് വെടിവയ്ക്കാം. ഇത്തരത്തിൽ മാസം രണ്ടു മനുഷ്യരെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു കൊല്ലപ്പെടുന്നുണ്ടെന്നും വർഷം ശരാശരി 20 പേർ മരിക്കുന്നുണ്ടെന്നുമാണ് ഡോക്യുമെന്ററി അവകാശപ്പെടുന്നത്. 2015ൽ ഇത് വളരെ കൂടുതലായിരുന്നെന്നും പറയുന്നുണ്ട്.
മൂന്നു വർഷത്തിനുള്ളിൽ 50 വേട്ടക്കാരെ വധിച്ചിട്ടുണ്ടെന്ന പാർക്ക് ഡയറക്ടർ ഡോ. സത്യേന്ദ്ര സിംഗിന്റെ വാക്കുകളും ഡോക്യുമെന്ററിയിലുണ്ട്. എന്നാൽ, ബിബിസി തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്നും തന്റെ വാക്കുകൾ പൂർണരീതിയിൽ കാണിച്ചില്ലെന്നുമുള്ള വാദങ്ങളുമായി സത്യേന്ദ്ര രംഗത്തെത്തി.
സാധാരണ ഫോറസ്റ്റ് ഗാർഡുകൾക്കുള്ള പരിരക്ഷ മാത്രമേ കാസിരംഗയിലുള്ളവർക്കുള്ളൂവെന്നും ചില വിദേശ സംഘടനകൾക്കുവേണ്ടി ബിബിസി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.
വിവാദ ഭാഗങ്ങൾ നീക്കം ചെയ്ത് ഡോക്യുമെന്ററിയുടെ യാഥാർഥ പ്രമേയത്തെ ആധാരമാക്കി മന്ത്രാലയത്തിൽ സമർപ്പിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതുണ്ടായില്ല. ഇതേത്തുടർന്ന് ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.