മക്കളുടെ കുസൃതി ചിലപ്പോഴെങ്കിലും മാതാപിതാക്കള്‍ക്ക് ശല്യമാവുകയോ അവര്‍ക്ക് ദോഷം ചെയ്യുകയോ ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള രസകരമായ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. സൗത്ത് കൊറിയന്‍ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ പ്രൊഫസറായ റോബര്‍ട്ട് ഇ കെല്ലി ബിബിസി ചാനലിന്റെ ലൈവ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെ മക്കള്‍ ഒപ്പിച്ച കുസൃതിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ബിബിസിയില്‍ ചര്‍ച്ച നടക്കുന്നതിനിടെ ഇദ്ദേഹത്തിന്റെ കുട്ടികള്‍ മുറി തുറന്ന് വന്നാണ് കുസൃതി ഒപ്പിച്ചത്.
അതാ താങ്കളുടെ മക്കള്‍ പിന്നില്‍ വന്ന് നില്‍കുന്നു എന്ന് അഭിമുഖം നടത്തുന്നയാള്‍ പറയുമ്പോളാണ് കുട്ടികള്‍ തന്റെ പിറകില്‍ വന്ന് ഒപ്പിക്കുന്ന കുസൃതി അച്ഛന്‍ അറിഞ്ഞത്. ഉടന്‍ തന്നെ കുട്ടികളുടെ അമ്മ മുറിയിലെത്തി കുട്ടികളെ എടുത്ത് മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. കുട്ടികള്‍ ഉണ്ടാക്കിയ തടസത്തിന് ക്ഷമാപണം പറഞ്ഞു കൊണ്ട് അദ്ദേഹം വീണ്ടും ചര്‍ച്ച തുടര്‍ന്നു. സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുന്ന വീഡിയോയില്‍ ചര്‍ച്ചയ്ക്ക് ശേഷം കുട്ടികളെ ശാസിക്കരുതെ എന്ന കമന്റുമായി എത്തുന്നവര്‍ ധാരാളമാണ്. സംഭവത്തില്‍ ആരെയാവും അദ്ദേഹം ശിക്ഷിക്കുകയെന്ന സംശയമുന്നയിക്കുന്നവരും കുറവല്ല.