ബെയ്ജിംഗ്: ശമ്പള വിവേചനത്തിൽ പ്രതിഷേധിച്ച് ബിബിസിയുടെ ചൈന എഡിറ്റർ കാരി ഗ്രേസി രാജിവച്ചു. പുരുഷജീവനക്കാർക്കു അധികം ശമ്പളം നൽകുന്നതിൽ പ്രതിഷേധിച്ചാണ് രാജി. കഴിഞ്ഞ നാലു വർഷമായി ബെയ്ജിംഗ് ബ്യൂറോ എഡിറ്ററായി ജോലി ചെയ്യുകയായിരുന്ന കാരി ഇതിനുമുന്പ് ബിബിസി ചാനലിലെ അവതാരകയായിരുന്നു.
ജൂലൈയിൽ ബിബിസി ഒന്നര ലക്ഷം പൗണ്ടിൽ കൂടുതൽ വർഷത്തിൽ ശമ്പളം ലഭിക്കുന്നവരുടെ പട്ടിക പുറത്തുവിട്ടിരുന്നു. പുരുഷ എഡിറ്റർമാർ ഒരേ തസ്കികയിലുള്ള വനിതകളെക്കാൾ ഇരട്ടിയിലധികം ശമ്പളം വാങ്ങുന്നതായി പട്ടികയിൽ വ്യക്തമായിരുന്നു. ഉയർന്ന ശമ്പളം വാങ്ങുന്ന വനിതാ ജീവനക്കാരിക്ക് ലഭിക്കുന്നതിന്റെ അഞ്ചിരട്ടിയാണു സഹപ്രവർത്തകന് ലഭിച്ചിരുന്നത്.
ബിബിസിയുടെ ശമ്പള വിവേചത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ശമ്പള വിവേചനത്തിനെതിരെ ശബ്ദം ഉയർത്തിയ ഗ്രേസിക്കു പിന്തുണയുമായി #IStandWithCarrie എന്ന ഹാഷ് ടാഗിൽ ബിബിസി ജീവനക്കാർ ഉൾപ്പെടെ നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്.