തുറവൂർ: ഓടികൊണ്ടിരുന്ന സ്വകാര്യ ബസിനുള്ളിൽ യുവാവിനെ രണ്ടംഗ സംഘം മൂർച്ചയേറിയ കത്തികൊണ്ടു വരഞ്ഞു പരിക്കേൽപ്പിച്ചതായി പരാതി.
തുറവൂർ വളമംഗലം തെക്ക് പുല്ലംപ്ലാവിൽ വീട്ടിൽ മണിയപ്പൻ പിള്ളയുടെ മകൻ ഗോപകുമാറി(19)നാണ് പരിക്കേറ്റത്.
കഴുത്തിനും നെഞ്ചിനും കൈയ്ക്കും ഗുരുതര പരിക്കേറ്റ ഗോപകുമാറിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാതയിൽ പൊന്നാം വെളി ജംഗ്ഷനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ന് ആയിരുന്നു സംഭവം.
ചേർത്തലയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന “ശിവപാർവതി ” സ്വകാര്യ ബസിൽ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ഗോപകുമാറിനെയാണ് പിൻസീറ്റിലിരുന്ന രണ്ട് പേർ ആക്രമിച്ചത്.
മുൻപരിചയമില്ലാത്ത ഇവർ യാതൊരു പ്രകോപനവുമില്ലാതെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ശരീരത്തിൽ വരഞ്ഞ് മുറിവേൽപ്പിക്കുകയായിരുന്നുവെന്ന് ഗോപകുമാർ പട്ടണക്കാട് പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.
നെഞ്ചിൽ ആഴത്തിലുള്ള മുറിവേറ്റു. യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് ബസ് നിറുത്തിയപ്പോൾ അക്രമികൾ ഓടി രക്ഷപ്പെട്ടു.
ഇവരുടെ കയ്യിൽ മദ്യക്കുപ്പിയുമുണ്ടായിരുന്നതായി ബസിലുണ്ടായിരുന്ന യാത്രക്കാർ പറഞ്ഞു. പട്ടണക്കാട് പൊലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചു.