മങ്കൊമ്പ്: ആളൊഴിഞ്ഞ സ്ഥലത്തു നാലാം ക്ലാസുകാരനെ കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി. ചമ്പക്കുളം സ്വദേശിയായ കുട്ടിയുടെ പിതാവാണ് സംഭവം സംബന്ധിച്ചു നെടുമുടി പോലീസിൽ പരാതി നൽകിയത്.
ഞായറാഴ്ച ഉച്ചയ്ക്കു 12.30ന് ചമ്പക്കുളം കൊവേന്തയ്ക്കു സമീപത്തെ കൈപ്പള്ളിൽ റോഡിലാണ് സംഭവമെന്ന് പറയുന്നു.
സംഭവത്തെപ്പറ്റി കുട്ടിയുടെ പിതാവ് പറയുന്നതിങ്ങനെ: മതപഠന ക്ലാസു കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെ സംഭവസ്ഥലത്തു പാർക്കു ചെയ്തിരുന്ന ഹോണ്ട കാറിൽ ഇരുന്നിരുന്നയാൾ കുട്ടിയോട് പോരുന്നോയെന്നു ചോദിച്ചു. തുടർന്ന് കാറിൽ നിന്നിറങ്ങിയ ഇയാൾ കുട്ടിയുടെ കയ്യിൽ കടന്നുപിടിച്ചു.
കുട്ടി കുതറി മാറിയതോടെ നിയന്ത്രണംവിട്ടു നിലത്തുവീണു. തുടർന്നു ഇയാൾ കാറിനുള്ളിൽ നിന്നുമെടുത്ത കളിത്തോക്ക് കുട്ടിയുടെ നേരെ നീട്ടി.
ഈ സമയം കാറിൽനിന്നു നിലത്തുവീണ പെട്ടിയിൽ നിന്നു പച്ചനിറത്തിലുള്ള കുപ്പി, പഞ്ഞി, ടിഷ്യു പേപ്പർ തുടങ്ങിയവ താഴെ വീണതായും പറയുന്നു.
ഈ സമയം കുട്ടി വീട്ടിലേക്കു ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞ കുട്ടിയുടെ പിതാവ്, പഞ്ചായത്തംഗത്തിനും അയൽവാസിക്കുമൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
വീട്ടിലെത്തിയ കുട്ടി കുറ്റിത്താടിയും കയ്യിൽ പച്ചകുത്തിയതുമായ ആക്രമിച്ചയാളുടെ രേഖാചിത്രവും തയാറാക്കി.
സംഭവത്തെപ്പറ്റി അന്വേഷണം നടത്തിവരികയാണെന്നും പുളിങ്കുന്ന് സിഐ പറഞ്ഞു. ശനിയാഴ്ചയും ഇതേസമയം ആദ്യകുർബാന സ്വീകരണത്തിനുള്ള ക്ലാസിൽ സംബന്ധിച്ചു മടങ്ങുന്നതിനിടെയും കുട്ടിക്കു സമാനമായ അനുഭവമുണ്ടായതായി പറയുന്നു.
ആളൊഴിഞ്ഞ ഈ പ്രദേശങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം പതിവാണെന്നാണ് നാട്ടുകാരുടെ പരാതി.
രാപകൽ ഭേദമില്ലാതെ പരസ്യ മദ്യപാനവും മറ്റു ലഹരി ഉപയോഗങ്ങളും സംബന്ധിച്ചു പലതവണ പോലീസിൽ പരാതി നൽകിയിരുന്നു.