കൊച്ചി: കോവിഡിന്റെ രണ്ടാംവരവിൽ ഭീതിയില്‍ വിറങ്ങലിച്ചു നില്ക്കുന്ന എറണാകുളം ജില്ല കോവിഡ് വ്യാപനത്തിലും രോഗികളുടെ എണ്ണത്തിലും സംസ്ഥാനത്ത് ഒന്നാമത്.
2020 മാര്‍ച്ച് 20ന് ആറു പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ഇന്നലെ വരെ 1,40,492 പേര്‍ക്കാണ് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചത്.
1,38,929 പേര്‍ക്ക് കോവിഡ് ബാധിച്ച കോഴിക്കോട് ജില്ലയാണ് തൊട്ടുപിന്നില്‍. 1,29,625 കോവിഡ് രോഗികളുമായി മലപ്പുറം ജില്ല മൂന്നാമതും 1,13,771 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം ജില്ല നാലാം സ്ഥാനത്തുമുണ്ട്.
1,09,724 രോഗികളുള്ള തൃശൂര്‍ ആണ് കോവിഡ് രോഗികള്‍ ഒരു ലക്ഷം പിന്നിട്ട മറ്റൊരു ജില്ല.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും എറണാകുളമാണ് മുന്നില്‍. ഇന്നലെ 1,267 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് പിടിപെട്ടത്.
ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കഴിഞ്ഞ ഒക്ടോബറില്‍ 1,250 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതാണ് ഇതിനുമുന്പുള്ള ഉയര്‍ന്ന രോഗനിര്ണ കണക്ക്.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കോവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. 1,062 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് രണ്ടാമതും 800 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച തിരുവനന്തപുരം മൂന്നാമതുമാണ്.
കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് രണ്ടിരട്ടിയിലേറെയായി വര്‍ധിച്ചതും ആശങ്ക വര്‍ധിപ്പിക്കുന്നു.