ശ്രീനഗർ: ജമ്മുകാഷ്മീരിലെ ബാരാമുള്ളയിൽ മുത്തച്ഛനെ നഷ്ടപ്പെട്ട ഭീകരാക്രമണത്തിൽനിന്ന് മൂന്ന് വയസുകാരൻ രക്ഷപെട്ടത് അദ്ഭുതകരമായി.
ഭീകരരുടെ വെടിവയ്പിൽ കൊല്ലപ്പെട്ട മുത്തച്ഛന്റെ ചോരയിൽ കുതിർന്ന മൃതശരീരത്തിനരികെ നിന്നും പോലീസ് കുട്ടിയെ രക്ഷിച്ചു. ബാരാമുള്ളയിലെ സോപോര ടൗണിൽ ബുധനാഴ്ച രാവിലെയായിരുന്നു ഹൃദയഭേദകമായ രംഗങ്ങൾ അരങ്ങേറിയത്.
സിആർപിഎഫ് പട്രോൾ പാർട്ടിക്കു നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. ആ സമയം കാറിലെത്തിയ കുട്ടിയും മുത്തച്ഛനും ആക്രമണത്തിൽ അകപ്പെടുകയായിരുന്നു.
ഭീകരരുടെ വെടിവയ്പിൽ മുത്തച്ഛൻ കൊല്ലപ്പെട്ടു. കാറിൽനിന്നും പുറത്തുവീണ മൃതശരീരത്തിനരികെ അലമുറയിട്ട് കരയുന്ന കുട്ടിയുടെ ദൃശ്യങ്ങൾ ഹൃദയഭേദകമായി. കുട്ടിയും മുത്തച്ഛനും മാരുതി കാറിൽ ശ്രീനഗറിൽനിന്നും ഹന്ദ്വാരയിലേക്ക് പോകുകയായിരുന്നു.
ഭീകരാക്രമണത്തിൽ ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചിരുന്നു. മൂന്ന് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തു.