റഷ്യയിൽനിന്നും അസെർബൈജാനിലെ വിമാനത്താവളത്തിൽ വന്നിറങ്ങുന്പോൾ സുൽഫിയ എന്ന 60 കാരിക്ക് ഒറ്റ ആഗ്രഹമെ ഉണ്ടായിരുന്നുള്ളു. വർഷങ്ങളായി താൻ അനുഭവിക്കുന്ന സന്ധിവേദനയിൽനിന്ന് ഒരു മോചനമുണ്ടാകണം. അതിനായി അസെർബൈജാനിൽനിന്ന് അവർ നേരെ പോയത് നഫ്റ്റലൻ എന്ന നഗരത്തിലേക്കാണ്. ഇവിടത്തെ പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളിൽ തന്റെ അവസ്ഥയ്ക്കുള്ള ഒരു പ്രത്യേക ചികിത്സയുണ്ടെന്ന് സുൽഫിയയോട് പറഞ്ഞത് അവരുടെ ഒരു സുഹൃത്താണ്.
ചികിത്സ വളരെ ലളിതമാണ്. ക്രൂഡ് ഓയിൽ നിറച്ചിരിക്കുന്ന ബാത്ത് ടബ്ബിൽ നഗ്നയായി 10 മിനിറ്റ് കിടക്കണം. ശരീര ഉൗഷ്മാവിനേക്കാൾ അൽപ്പംകൂടി ഉയർന്ന താപനിലയിലായിരിക്കും ക്രൂഡ് ഓയിൽ ക്രമീകരിച്ചിരിക്കുന്നത്. ക്രൂഡ് ഓയിലിലുള്ള കുളി കഴിഞ്ഞാൽ ഈ ആരോഗ്യകേന്ദ്രത്തിലുള്ള ജീവനക്കാരുടെ സഹായത്തോടെ ശരീരത്തിൽ പറ്റിപ്പിടിച്ച എണ്ണയെല്ലാം തൂത്തുകളയണം.
അതിനുശേഷം നല്ല പച്ചവെള്ളത്തിൽ ഒരു കുളികൂടി പാസാക്കിയാൽ സന്ധികൾക്കുണ്ടാകുന്ന എല്ലാ വേദനകളും പന്പ കടക്കുമെന്നാണ് നഫ്ത്തലാനിലുള്ളവർ പറയുന്നത്. രോഗമുക്തി തേടി ഇവിടെ എത്തുന്നവർക്ക് ഇത്തരത്തിൽ 10 ദിവസത്തെ ക്രൂഡ്് ഓയിൽ കുളിയാണ് ചികിത്സയായി നൽകുന്നത്.
സംഘർഷഭൂമിയാണെങ്കിലും അസെർബൈജാനിലുള്ള ഇത്തരം ക്രൂഡ് ഓയിൽ കുളികേന്ദ്രങ്ങളിലേക്ക് ലോകത്തിന്റെ വിവധ ഭാഗങ്ങളിൽനിന്നായി നിരവധിയാളുകളാണ് എത്തുന്നത്. നമ്മുടെ നാട്ടിൽ വെള്ളംകിട്ടുന്നതുപോലെ ഇവിടങ്ങളിൽ ഭൂമികുഴിച്ചാൽ ക്രൂഡ് ഓയിൽ കിട്ടുമെന്നതിനാൽ ഇത് അത്ര ചെലവുള്ള ഏർപ്പാടുമല്ല.
ഇവിടെ വന്ന് ചികിത്സതേടുന്നവർ ആശ്വാസത്തോടെയാണ് മടങ്ങുന്നതെന്ന് പറയപ്പെടുന്നു. എന്നാൽ ഈ പ്രാദേശിക ചികിത്സാ രീതിക്ക് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിന്തുണയില്ല. മാത്രമല്ല ഈ ക്രൂഡ് ഓയിൽ കുളി ആരോഗ്യത്തിന് ഹാനികരമാകാമെന്നും ചിലപ്പോൾ കാൻസറിന് പോലും കാരണമാകാമെന്നും ചില ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
1920കൾ മുതൽ ഹെൽത്ത് റിസോർട്ടുകൾക്ക് പ്രശസ്തമാണ് നഫ്ത്തലാൻ. ഇവിടത്തെ ഈ ക്രൂഡ് ഓയിൽ ചികിത്സയ്ക്ക് പിന്നിൽ ഒരു കഥയും ഉണ്ട്. പണ്ടുപണ്ട് ഈ പ്രദേശത്തുള്ള ഒരാളുടെ ഒട്ടകത്തിന് എന്തോ അസുഖം പിടിപെട്ടു. അയാൾ അതിനെ ഒരു എണ്ണത്തടാകത്തിന് സമീപം ഉപേക്ഷിച്ചിട്ട് പോയി. എണ്ണ ത്തടാകത്തിൽ വീണ ഒട്ടകം കുറച്ചു കഴിഞ്ഞപ്പോൾ അസുഖമെല്ലാം മാറി പൂർണ ആരോഗ്യത്തോടെ എഴുന്നേറ്റു വന്നത്രെ. അന്നുമുതലാണ് ഇന്നാട്ടുകാർ ക്രൂഡ് ഓയിലിന്റെ ഈ പ്രത്യേക ശക്തിമനസിലാക്കിയത്.