വിഴിഞ്ഞം: വീട്ടുകാരറിയാതെ കടലിൽ ചാടി ജീവനൊടുക്കാൻ എത്തിയ യുവതിക്ക് ആഴിമല ക്ഷേത്ര ഭാരവാഹികളുടെ അവസരോചിതമായ ഇടപെടൽ പിന്തിരിപ്പിച്ചു.
ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിച്ച ശേഷം യുവതിയെ പോലീസിന്റെ സഹായത്തോടെ ഭർത്താവിനൊപ്പം വിട്ടയച്ചു.
ഇന്നലെ രാവിലെ ഏഴരയോടെ വിഴിഞ്ഞം ആഴിമലയിലാണ് സംഭവം. വട്ടപ്പാറ സ്വദേശിയായ യുവതിയാണ് കടലിൽ ചാടാനായി എത്തിയത്.
ക്ഷേത്രത്തിന് സമീപത്ത് നിന്ന് അപകടം നിറഞ്ഞ പാറക്കൂട്ടങ്ങളിലേക്ക് പോകാനിറങ്ങിയ യുവതി തൊട്ടടുത്ത് കണ്ട ലോട്ടറി കച്ചവടക്കാരനോട് ഫോൺ വിളിക്കാനുള്ള സഹായം തേടി.
ഫോൺസംസാരത്തിൽ പന്തികേട് തോന്നിയ കച്ചവടക്കാരൻ ഉടൻ തന്നെ ക്ഷേത്ര സെക്രട്ടറിയെ വിവരമറിയിച്ചു.
ഓടിയെത്തിയ ക്ഷേത്ര ഭാരവാഹികൾ തീരത്തേക്ക് ഇറങ്ങിയ യുവതിയെ തടഞ്ഞ് നിർത്തി കാര്യമന്വേഷിച്ചു.
ഏഴ് മാസങ്ങൾക്ക് മുൻപ് പ്രേമിച്ച് വിവാഹിതയായ യുവതി അഞ്ച് മാസം ഗർഭിണിയാണെന്നും വീടുവയ്പുമായുള്ള പ്രശ്നമാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്നും സഹായിക്കാനെത്തിയവരെ അറിയിച്ചു.
തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ച് സമാധാനപ്പെടുത്തിയ ശേഷം യുവതിയെ കമ്മിറ്റി ഓഫീസിൽ എത്തിച്ചു.
തുടർന്ന് വീട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു വിഴിഞ്ഞംസ്റ്റേഷനിൽ എത്തിച്ച യുവതിയെ ഭർത്താവിനോടൊപ്പം വിട്ടയച്ചു.