പാലക്കാട്: പുതുപ്പരിയാരത്ത് വയോധികരായ ദന്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകനുമായി വീട്ടിൽ തെളിവെടുപ്പ് നടത്തി.
ഇന്നു രാവിലെ എട്ടരയോടെയാണ് പോലീസ് പ്രതി സനലുമായി തെളിവെടുപ്പിന് എത്തിയത്. അതിക്രൂരമായ കൊലപാതകത്തിൽ യാതൊരു കുറ്റബോധവുമില്ലാതെ നിസംഗനായാണ് ഇയാൾ പെരുമാറിയത്.
കൊല്ലപ്പെട്ട ഓട്ടൂർക്കാട് പ്രതീക്ഷാ നഗർ മയൂരത്തിൽ ചന്ദ്രൻ- ദൈവാന ദന്പതികളുടെ രണ്ടാമത്തെ മകനാണ് സനൽ. രാത്രി ഇയാൾ അമ്മയോടു വെള്ളം ചോദിച്ചു.
കൊടുക്കാതിരുന്നതിനെ തുടർന്ന് ആയുധങ്ങളുമായി ക്രൂരമായി ആക്രമിച്ചു. രണ്ടു കൈകളിലും ഓരോ ആയുധങ്ങൾ എടുത്താണ് സ്വീകരണമുറിയിൽ വച്ച് അമ്മയെ വെട്ടിയത്.
മുഖത്തടക്കം മുപ്പതിലേറെ വെട്ടുകളാണ് ഇവരുടെ ശരീരത്തിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.
അച്ഛൻ അടുത്തയിടെയുണ്ടായ അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ് സമീപത്തെ മുറിയിൽ വിശ്രമത്തിലായിരുന്നു. ഭാര്യയുടെ നിലവിളികേട്ട് ഇദ്ദേഹവും ഉറക്കെ കരഞ്ഞു.
മുറിവിലൂടെ വിഷം കയറാൻ
ഉടനെ മുറിയിൽ ചെന്ന് സനൽ അച്ഛനെയും വെട്ടി. ഇരുവരുടെയും മുറിവുകളിൽ കീടനാശിനി ഒഴിക്കുകയും ചെയ്തു.
മുറിവു വഴി വിഷം കയറാനാണ് ഇങ്ങനെ ചെയ്തതെന്ന് സനൽ പറഞ്ഞു. ഇരുവരും മരണവെപ്രാളത്തിൽ പിടയുന്നത് നോക്കിനിൽക്കുകയും ചെയ്തു. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നാണ് സൂചന.
കൊലപാതകത്തിനുശേഷം മൈസൂരിലേക്കു മുങ്ങിയ ഇയാളെ ഇന്നലെ തന്ത്രപൂർവം വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.
ചോദ്യംചെയ്യലിൽ പരസ്പരവിരുദ്ധമായ മറുപടികളാണ് ഇയാൾ നൽകിയിരുന്നതെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു.
“നോർമൽ ഈസ് ബോറിംഗ്”
കൊലപാതകസമയത്തു ധരിച്ചിരുന്ന ടീഷർട്ട് വീടിനു പിന്നിലെ വിറകു കെട്ടിൽ ഒളിപ്പിച്ചശേഷമാണ് സനൽ മൈസൂരിലേക്കു മുങ്ങിയത്.
നോർമൽ ഈസ് ബോറിംഗ് (സാധാരണക്കാരനായിരിക്കുന്നത് വിരസമാണ്) എന്നാണ് ടീഷർട്ടിലെ എഴുത്ത്. മുംബൈയിൽനിന്നാണ് ഈ ടീഷർട്ട് വാങ്ങിയതെന്ന് സനൽ പോലീസിനോടു പറഞ്ഞു.
അന്നേ നീ നോർമൽ അല്ലേ എന്നു ഡിവൈഎസ്പി ചോദിച്ചപ്പോൾ നോർമൽ ആയിരുന്നു എന്നായിരുന്നു മറുപടി.
ബിടെക് ബിരുദധാരിയായ സനൽ മുംബൈയിൽ ജ്വല്ലറിയിലാണ് ജോലി ചെയ്തിരുന്നത്. മാസങ്ങൾക്കു മുന്പാണ് നാട്ടിലെത്തിയതെന്നും പറയുന്നു.