മുംബൈ: ഈ വര്‍ഷം അവസാനം നടക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഡേ നൈറ്റ് ടെസ്റ്റ് മത്സരം ഇന്ത്യ കളിക്കില്ലെന്ന് നിലപാടെടുത്തതോടെ പിങ്ക് ബോള്‍ മത്സരത്തെ ചൊല്ലി ഇരുരാജ്യങ്ങളും തുറന്ന പോരിലേക്ക്.
ഡേ നൈറ്റ് ടെസ്റ്റ് മത്സരം കളിക്കണമെങ്കിൽ ഇന്ത്യക്ക് കുറഞ്ഞത് ഒരു വർഷത്തെ സാവകാശം ലഭിക്കണമെന്ന നിലപാടുമായി ഇന്ത്യൻ ടീമിന്റെ പരിശീലകൻ രവി ശാസ്ത്രി രംഗത്തെത്തി. കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേ റ്റേഴ്സ് (സിഒഎ) അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് രവി ശാസ്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം മത്സരങ്ങള്‍ക്ക് നിലവാരം കുറയുമെന്ന് പറഞ്ഞാണ് ബിസിസിഐ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിനില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
ഡേ നൈറ്റ് ക്രിക്കറ്റിന് ആരാധക പിന്തുണ കൂടിയതോടെ അഡ്ലെയ്ഡില് നടക്കുന്ന ആദ്യ ടെസ്റ്റ് ഡേ നൈറ്റ് ആയി കളിക്കാമെന്നായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയയുടെ (സിഎ) തീരുമാനം. എന്നാല്‍, ബിസിസിഐയുടെ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേഷന് മേധാവി വിനോദ് റായ് ക്രിക്കറ്റ് ഒാസ്ട്രേലിയയുടെ നിലപാട് തള്ളിക്കളയുകയായിരുന്നു.
ഇന്ത്യ ഇതുവരെ ഒരു പ്രാദേശിക ടൂർണമെന്റിലും ഡേ നൈറ്റ് ടെസ്റ്റ് മത്സരം നടത്തിയിട്ടില്ലെന്നും അതിനാൽ ഇന്ത്യൻ താരങ്ങൾക്ക് ഡേ നൈറ്റ് ടെസ്റ്റിൽ പരിചയക്കുറവുണ്ടെന്നുമാണ് വിനോദ് റായി നൽകിയിരിക്കുന്ന വിശദീകരണം. ഡേ നൈറ്റ് മത്സരങ്ങൾ ദുലീപ് ട്രോഫിയില്‍ പരീക്ഷിച്ചു വരുന്നതേയുള്ളൂവെന്നാണ് റായ് ഇക്കാര്യത്തില്‍ വ്യക്തമാക്കിയത്. നിലവിൽ ഇന്ത്യയാണ് ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്, ഓസീസ് രണ്ടാമതും.
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും നേരത്തെ ഡേ നൈറ്റ് മത്സരങ്ങള്‍ക്കെതിരേ രംഗത്തെത്തിയിരുന്നു. ഈ ഒക്ടോബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരന്പരയിലും ഡേ നൈറ്റ് മത്സരങ്ങൾ നടക്കാനുള്ള സാധ്യതയും ബിസിസിഐ തള്ളിയിട്ടുണ്ട്. ഡേ നൈറ്റ് ടെസ്റ്റുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തത വരാനുണ്ടെന്നുംഅതിനുശേഷം മത്സരങ്ങൾ കളിച്ചാൽ മതിയെന്നുമാണ് നേരത്തേ ബിസിസിഐ വ്യക്തമാക്കിയിരുന്നത്.
ഇന്ത്യക്കു പരാജയഭീതി: സിഎ തലവന്‍
ഇതിനു മുമ്പും അഡ്ലെയ്ഡില് ടെസ്റ്റ് മത്സരങ്ങള്‍ ഈ ഫോര്‍മാറ്റില്‍ കളിച്ചിട്ടുണ്ട്. അന്നെല്ലാം അത് വളരെ വലിയ വിജയമായിരുന്നു. ഇന്ത്യക്ക് ഡേ നൈറ്റ് ടെസ്റ്റ് കളിക്കുവാന്‍ താല്പര്യമില്ലായിരിക്കാം. എന്നാൽ, അതാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി. പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസ്ട്രേലിയ ഇതുവരെ കളിച്ച ടെസ്റ്റുകള്‍ എല്ലാം വിജയിച്ചിട്ടുണ്ട്. ഓസ്ട്രേലിയയില്‍ ഇന്ത്യയുടെ പരമ്പര സ്വപ്നങ്ങളെ അത് തകര്‍ത്തേക്കാം. അതാകാം ഇന്ത്യ പിങ്ക് ബോളില്‍ കളിക്കാന്‍ വിസമ്മതിക്കുന്നത്- ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) തലവൻ ജയിംസ് സതേണ്ലാന്ഡ് പറഞ്ഞു.