ന്യൂഡല്‍ഹി: ബിസിസിഐക്ക് വൻ തിരിച്ചടി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സംപ്രേക്ഷണാവകാശം ബിസിസിഐ തെറ്റായ രീതിയിൽ വിറ്റതിന് കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയുടെ പിഴ. 52 കോടി 24 ലക്ഷം രൂപയാണ് ബിസിസിഐക്ക് പിഴ വിധിച്ചത്. ക്രമവിരുദ്ധമായ രീതിയിലാണ് ഐപിഎലിന്റെ സംപ്രേക്ഷണവകാശം ബിസിസിഐ വിറ്റതെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.
ലേലത്തില്‍ പങ്കെടുക്കാനെത്തിയ കമ്പനികളുടെ വാണിജ്യ താത്പര്യത്തിനും ബിസിസിഐയുടെ സാമ്പത്തിക താത്പര്യത്തിനും വേണ്ടി ഐപിഎല്‍ സംപ്രേക്ഷണാവകാശ കരാറിലെ വ്യവസ്ഥകൾ ബിസിസിഐ മനഃപൂര്‍വം ലംഘിച്ചുവെന്ന് കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യ വിലയിരുത്തി.
കഴിഞ്ഞ മൂന്നു വര്‍ഷം ബിസിസിഐയുടെ ശരാശരി വരുമാനം 1164 കോടി രൂപയാണ്. കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷങ്ങൾ കണക്കിലെടുത്ത് ബിസിസിഐയുടെ വരുമാനത്തിന്റെ 4.48 ശതമാനമാണ് ഇപ്പോൾ പിഴയായി വിധിച്ച 52കോടി രൂപയെന്ന് കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയുടെ 44 പേജുള്ള ഓര്‍ഡറില്‍ വ്യക്തമാക്കുന്നു.
ഇത് രണ്ടാം തവണയാണ് സിസിഐയുടെ പിഴശിക്ഷക്ക് ബിസിസിഐ വിധേയമാകുന്നത്. നേരത്തെ 2013 ഫെബ്രുവരിയിലും ഇതുപോലെ പിഴ വിധിച്ചിരുന്നു. ക്രമവിരുദ്ധമായാണ് ബിസിസിഐ ഇനിയും കാര്യങ്ങൾ നീക്കുന്നതെങ്കിൽ കൂടുതൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് സിസിഐ മുന്നറിയിപ്പു നല്കുന്നു.