ന്യൂഡൽഹി: സുപ്രീം കോടതി നിർദേശങ്ങൾ പാലിക്കാൻ തയാറാകാത്ത ബിസിസിഐ നേതൃത്വത്തെ പിരിച്ചുവിടണമെന്ന് സുപ്രീം കോടതി നിയോഗിച്ച ഭരണസമിതി. ബിസിസിഐയിൽ അധികാരം കൈയാളുന്ന സി.കെ.ഖന്ന, അമിതാഭ് ചൗധരി, അനിരുദ്ധ് ചൗധരി എന്നിവരെ തൽസ്ഥാനത്തുനിന്നു മാറ്റണമെന്നാണ് മൂന്നംഗ ഭരണസമിതി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്.
ഇതു സംബന്ധിച്ച റിപ്പോർട്ട് സമിതി സുപ്രീം കോടതി മുന്പാകെ സമർപ്പിച്ചു. ബിസിസിഐ സിഇഒ രാഹുൽ ജോഹ്രിക്കു പകരം ചുമതല നൽകാനാണ് ഭരണസമിതി നിർദേശിക്കുന്നത്.
പിരിച്ചുവിടൽ കൂടാതെ, ഡൽഹി, ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനുകളിൽ സുപ്രീം കോടതിയിൽനിന്നു വിരമിച്ച ജഡ്ജി നേതൃത്വം നൽകുന്ന കമ്മിറ്റി രൂപീകരിച്ച് ഫോറൻസിക് ഓഡിറ്റ് നടത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. പരിഷ്കരണങ്ങൾ നടപ്പിൽ വരുത്താൻ ക്രിക്കറ്റ് അസോസിയേഷനുകൾക്കു താത്പര്യമില്ലെന്നും കമ്മിറ്റിയുടെ അഞ്ചാം റിപ്പോർട്ടിൽ ആവർത്തിക്കുന്നു.
ബിസിസിഐ ഭരണഘടന പൊളിച്ചെഴുതുക, ഫണ്ട് വിതരണം സമിതി നിർദേശപ്രകാരമാക്കുക, സംസ്ഥാന അസോസിയേഷനുകളിൽ തെരഞ്ഞെടുപ്പിന് ഒരു മാസം മുന്പ് അഡ്മിസ്ട്രേറ്ററെ നിയോഗിക്കുക തുടങ്ങിയവയാണ് ഭരണ സമിതി അടിയന്തരമായി നടപ്പാക്കാൻ നിർദേശിച്ചിട്ടുള്ള മാറ്റങ്ങളിൽ പ്രധാനപ്പെട്ടവ.