ന്യൂഡൽഹി: നാളുകളായി ഇന്ത്യൻ ക്രിക്കറ്റ് നായകന്മാർ ഉന്നയിച്ച ആവശ്യം ബിസിസിഐ അംഗീകരിച്ചു. വിരാട് കോഹ്ലിയും അതിനു മുന്പ് എം.എസ്. ധോണിയും ആവശ്യപ്പെട്ടതുപോലെ കളിക്കാരുടെയും ടീം അംഗങ്ങളുടെയും പ്രതിഫലം വർധിപ്പിക്കാൻ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് (സിഒഎ) അനുമതി നല്കി. ഒപ്പം കളിക്കാർക്ക് വിശ്രമം അനുവദിക്കാതെയുള്ള തുടർച്ചയായ മത്സര ഷെഡ്യൂളിനെക്കുറിച്ചും ചർച്ചയായി. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം ഉണ്ടായേക്കും.
വിരാട് കോഹ്ലി, എം.എസ്. ധോണി, പരിശീലകൻ രവി ശാസ്ത്രി എന്നിവരാണ് പ്രതിഫലം വർധിപ്പിക്കൽ സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്തത്. സിഒഎ തലവൻ വിനോദ് റായ്, ഡിയാന എഡ്ൽജി, ബിസിസിഐ സിഇഒ രാഹുൽ ജോഹ്റി എന്നിവരുമായാണ് കോഹ്ലിയും സംഘവും ചർച്ച നടത്തിയത്. ചർച്ചയ്ക്കുശേഷം പ്രതിഫലം വർധിപ്പിക്കാൻ ധാരണയായതായി വിനോദ് റായ് മാധ്യമങ്ങളെ അറിയിച്ചു.
നിലവിൽ ഗ്രേഡ് എ കളിക്കാർക്ക് വാർഷിക പ്രതിഫലം രണ്ടു കോടിയും ബി ഗ്രേഡുകാർക്ക് ഒരു കോടി രൂപയുമാണ്. ഗ്രേഡ് സി ഗണത്തിലുള്ള കളിക്കാർക്ക് 50 ലക്ഷം രൂപ പ്രതിഫലം നല്കുന്നുണ്ട്. ഒരു ടെസ്റ്റ് മത്സരത്തിന് ആദ്യ പതിനൊന്നിൽ ഉൾപ്പെടുന്ന കളിക്കാരന് 15 ലക്ഷം വീതവും ഏകദിനത്തിന് ആറു ലക്ഷവും ട്വന്റി-20ക്ക് മൂന്നു ലക്ഷവും വീതം പ്രതിഫലമുണ്ട്. ആദ്യ പതിനൊന്നിൽ ഇല്ലാത്ത കളിക്കാർക്ക് ഈ തുകയുടെ മൂന്നിലൊന്ന് വീതമാണ് നല്കുക.
പുതിയ പ്രതിഫലം എത്രയാണെന്നു തീരുമാനം ആയിട്ടില്ല. പ്രതിഫലം വർധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് ടീമിന്റെ പരിശീലകസ്ഥാനത്തുനിന്ന് തെറിച്ച അനിൽ കുംബ്ലെ ഗ്രേഡ് എ കളിക്കാരന്റെ വാർഷിക തുക രണ്ടിൽനിന്ന് അഞ്ചു കോടി ആക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്.