ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡിനെയും (ബിസിസിഐ) അതിനു കീഴിലുള്ള സംസ്ഥാന ക്രിക്കറ്റ് ബോർഡുകളെയും പൊതു സ്ഥാപനങ്ങളായി പ്രഖ്യാപിച്ച് പൊതു വിലയിരുത്തലിനു വിധേയമാക്കാൻ കേന്ദ്ര ലോ കമ്മീഷന്റെ ശിപാർശ. ഇതിനായി ബിസിസിഐയെയും സംസ്ഥാന ബോർഡുകളെയും വിവരാവകാശ നിയമത്തിന്റെ പരിധിക്കുള്ളിലാക്കണം.
ആദ്യ പടിയായി ബിസിസിഐയെ ഒരു ദേശീയ കായിക ഫെഡറേഷനായി സർക്കാർ അംഗീകരിക്കണമെന്നും ജസ്റ്റീസ് ബി.എസ്. ചൗഹാൻ അധ്യക്ഷനായ നിയമ കമ്മീഷൻ കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനു നൽകിയ ശിപാർശയിൽ പറയുന്നു.
തമിഴ്നാട് സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ടിനു കീഴിൽ ഒരു സ്വകാര്യ സംരംഭമായാണ് നിലവിൽ ബിസിസിഐ പ്രവർത്തിക്കുന്നത്. ഇതിനു പകരം ഇന്ത്യൻ ഭരണഘടനയുടെ 12-ാം അനുച്ഛേദം അനുശാസിക്കുന്ന ‘സ്റ്റേറ്റ്’ എന്ന വിഭാഗത്തിലേക്കു മാറ്റണം.
ദേശീയ കായിക ഫെഡറേഷന്റെ സ്ഥാനം എന്നു ഫലത്തിൽ മാത്രം പറയാവുന്ന അവസ്ഥ മാറ്റി, ദേശീയ കായിക ഫെഡറേഷൻ എന്ന നിലയിൽ ഒൗദ്യോഗികമായി അംഗീകരിച്ച് കായിക മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തണം. ഇതിന്റെ നടപടികൾ പൂർത്തിയാക്കുന്നതോടെ സ്വാഭാവികമായ രീതിയിൽ തന്നെ വിവരാവകാശ നിയമത്തിന്റെ പരിധിയിലായിക്കൊള്ളുമെന്നും 128 പേജുള്ള നിയമ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.
കുരുക്കിട്ടതു സുപ്രീംകോടതി
ബിസിസിഐയുടെ ഏകപക്ഷീയമായ നിലപാടുകൾ മാറ്റി സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനും സമൂല പരിഷ്കരണത്തിനുമുള്ള നടപടികളുടെ ഭാഗമായി സുപ്രീംകോടതിയാണ് വിഷയത്തക്കുറിച്ചു പഠിക്കാൻ നിയമ കമ്മീഷനോടു നിർദേശിച്ചിരുന്നത്. സ്വയംഭരണ അധികാരങ്ങളുള്ളതിനാൽ രാജ്യത്ത് എഴുതപ്പെട്ട പല നിയമങ്ങൾ ബാധകമല്ലെന്നായിരുന്നു ജസ്റ്റീസ് ലോധ കമ്മിറ്റിയുടെ പരിഷ്കരണ നിർദേശങ്ങൾ നടപ്പിലാക്കണമെന്ന കോടതി നിർദേശത്തിനു പകരമായി ബിസിസിഐ വാദിച്ചിരുന്നത്.
രാജ്യത്തെ മറ്റ് കായിക സംഘടനകളെല്ലാം പൊതുസ്ഥാപനങ്ങളെന്ന നിലയിൽ വിവരാവകാശ നിയമത്തിന്റെ പരിധിയിലിരിക്കെ ബിസിസിഐയെ മാത്രം അതിൽനിന്ന് ഒഴിവാക്കുന്നത് അനൗചിത്യമാണെന്നും കമ്മീഷൻ വിലയിരുത്തുന്നു.
നിയന്ത്രണം വേണം
സ്വകാര്യ സംരംഭമെന്നു ആവർത്തിച്ചുവാദിക്കുന്നുണ്ടെങ്കിലും ബിസിസിഐ വലിയ തോതിലുള്ള നികുതി ഇളവുകൾ നേടുന്നത് അടക്കമുള്ള സർക്കാർ സഹായം സ്വന്തമാക്കുന്നുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു.
1997 മുതൽ 2007 വരെയുള്ള കാലത്തു മാത്രം 216 കോടിയുടെ നികുതി ഇളവ് സ്വന്തമാക്കിയിട്ടുണ്ട്. ഇതല്ലാതെ സബ്സിഡികൾ, കണ്സെഷനുകൾ, ഭൂമി നൽകിയത് എന്നിവ അടക്കമുള്ള കാര്യങ്ങളിലും സർക്കാരിൽനിന്നു പരോക്ഷമായി സഹായം നേടിയിരുന്നു. ഇത്തരത്തിൽ സർക്കാർ ധനസഹായവും ഫണ്ടും ലഭ്യമാക്കിയിട്ടുണ്ടെങ്കിൽ അതു പൊതുസ്ഥാപനമെന്ന പരിധിയിൽ ഉൾപ്പെടും. അത്തരം സംരംഭങ്ങൾ സ്വകാര്യമോ, വ്യവസ്ഥാപിതമോ, സർക്കാരിതര സ്ഥാപനമോ എന്തായാലും പൊതുസ്ഥാപനമെന്ന നിലയിൽ ചോദ്യങ്ങൾക്ക് ഉത്തരവാദിത്വപ്പെട്ട രീതിയിൽ മറുപടി നൽകാൻ ബാധ്യസ്ഥരാണ്.
സിസിഐ ടീം രാജ്യത്തിന്റെ പേരിലാണ് പങ്കെടുക്കുന്നത്. അവർ അർജുന അവാർഡുകൾ പോലുള്ള ദേശീയ ബഹുമതിക്ക് പരിഗണിക്കപ്പെടുന്നു. അത്തരത്തിൽ രാജ്യത്തിന്റെ അവകാശങ്ങളും ആനുകുല്യങ്ങളും അനുഭവിക്കുന്ന കായിക ബോർഡിനെ നിയന്ത്രണങ്ങളില്ലാതെ ഏകപക്ഷീയ തീരുമാനങ്ങളെടുക്കാൻ നിലനിർത്തുന്നതു നിയമപരമല്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു.
ടീം തെരഞ്ഞെടുപ്പും ചോദ്യം ചേയ്യാം
ബിസിസിഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന നിയമ കമ്മീഷൻ ശിപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ ടീം സെലക്ഷനുൾപ്പെടെയുള്ള വിഷയങ്ങളിൽ ആർക്കും കോടതിയെ സമീപിക്കാൻ സാധിക്കും. വിവരാവകാശ നിയമ പ്രകാരം ഏതു വ്യക്തി നൽകുന്ന ചോദ്യങ്ങൾക്കും മറുപടി നൽകേണ്ടിയും വരും. ഇക്കാര്യത്തിൽ മുടക്കുണ്ടായാൽ അതും കോടതിയിൽ ചോദ്യം ചെയ്യപ്പെടാം.
ദേശീയ, സംസ്ഥാന, സോണൽ ടീമുകളിലേക്കുള്ള സെലക്ഷനുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയിലോ ഹൈക്കോടതികളിലോ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്യാനും സാധിക്കും. രാജ്യാന്തര ക്രിക്കറ്റ് കൗണ്സിലുമായും (ഐസിസി) മറ്റു രാജ്യങ്ങളുടെ ക്രിക്കറ്റ് ബോർഡുകളുമായും ബിസിസിഐ ഏർപ്പെടുന്ന കരാറുകളെയും കോടതിയിൽ ചോദ്യം ചെയ്യാൻ ഇതിലൂടെ വഴിയൊരുങ്ങും.
ജിജി ലൂക്കോസ്