ന്യൂഡൽഹി: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെയും നായകനെയും തീരുമാനിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബിസിസിഐ) യോഗം ഇന്ന് ഗോഹട്ടിയിൽ ചേരും. താരങ്ങൾക്കുള്ള വാർഷികകരാറും ചർച്ചയാകും. രോഹിത്തിനും കോഹ്ലിക്കും കരാർ പുതുക്കിനൽകുന്നതിൽ ബിസിസിഐയിൽ ഭിന്നതയുണ്ടെന്നാണ് പുറത്തുവരുന്ന സൂചന.
എ പ്ലസ് ഗ്രേഡിലുള്ള വിരാട് കോഹ്ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരിൽ ബുംറയൊഴികെയുള്ളവർക്ക് കരാർ പുതുക്കിനൽകുന്നതിലാണ് ഭിന്നത. മൂന്നു ഫോർമാറ്റിലും മികച്ച പ്രകടനം നടത്തുന്നവരെയാണ് ഏഴുകോടി പ്രതിഫലമുള്ള എ പ്ലസ് ഗ്രേഡിലേക്ക് പരിഗണിക്കേണ്ടതെന്നാണ് ആവശ്യം.
കഴിഞ്ഞതവണ ഒഴിവാക്കപ്പെട്ട ശ്രേയസ് അയ്യർക്ക് സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കരാർ ലഭിച്ചേക്കും. ആഭ്യന്തരക്രിക്കറ്റിൽ മിന്നുംഫോമിലുള്ള കരുണ്‍ നായർക്ക് അവസരം നല്‍കുമെന്നും റിപ്പോർട്ടുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിനു മുന്‍പ് ബിസിസിഐ ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ സപ്പോർട്ട് സ്റ്റാഫിന്റെ എണ്ണം കുറയ്ക്കാനുള്ള തീരുമാനവും യോഗത്തിൽ പരിഗണിക്കാനിടയുണ്ട്. ഇന്നത്തെ ഉന്നതതല യോഗത്തിൽ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, ചീഫ് സെലക്ടർ അജിത് അഗാർക്കർ, ഹെഡ് കോച്ച് ഗൗതം ഗംഭീർ എന്നിവർ പങ്കെടുക്കും.