ന്യൂഡൽഹി: ബിസിസിഐ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി ചെയർമാൻ കരിന ക്രിപലാനി രാജിവച്ചു. സിഇഒ രാഹുൽ ജോഹ്രിക്കെതിരെ മീടു ആരോപണം ഉണ്ടായതിനു പിന്നാലെയുള്ള ക്രിപലാനിയുടെ രാജി ബിസിസിഐക്കു തിരിച്ചടിയായി.
എന്നാൽ വ്യക്തിപരമായ കാരണങ്ങളാണ് രാജിക്കുകാരണമായതെന്നു അഭിഭാഷകയായ ക്രിപലാനി പറഞ്ഞു. ദീർഘനാളായി രാജിവയ്ക്കാൻ ആലോചിച്ചുവരികയായിരുന്നു. ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങളുമായി തന്റെ രാജിക്കു ബന്ധമില്ലെന്നും അവർ പറഞ്ഞു.
ജോഹ്രിക്കെതിരെ അന്വേഷണത്തിനായി മൂന്നംഗ കമ്മിറ്റി രൂപീകരിച്ചതിനു തൊട്ടുപിന്നാലെയാണ് ക്രിപലാനിയുടെ രാജി. സമൂഹമാധ്യമത്തിൽ ജോഹ്രിക്കെതിരെ ആരോപണം ഉയർന്നതിനെ തുടർന്നാണ് കമ്മിറ്റിയെ നിയോഗിച്ചത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഈ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ജോഹ്രിക്കെതിരായ അന്വേഷണം നടത്തുന്ന കമ്മിറ്റിയിൽ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയും ഉൾപ്പെടുമോയെന്ന ചോദ്യത്തോടു പ്രതികരിക്കാൻ ക്രിപലാനി തയാറായില്ല.
ബോർഡിലെ വനിതാ ജീവനക്കാർക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങൾ തടയാനാണ് ബിസിസിഐ കഴിഞ്ഞ ഏപ്രിലിൽ നാലംഗ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിച്ചത്. സാബാ കരിം രുപാവതി റോ, വീണ ഗൗഡ എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങൾ.