ദുബായ്: ബിസിസിഐക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ കനത്ത തിരിച്ചടി. ഐസിസിയുടെ സാമ്പത്തിക പരിഷ്കരണത്തെ എതിര്‍ക്കുന്ന ബിസിസിഐ തീരുമാനം ഇന്നലെ നടന്ന യോഗത്തില്വോട്ടിനിട്ടു തള്ളി. അംഗങ്ങളില്‍ ഇന്ത്യയുടെ തീരുമാനത്തെ അനുകൂലിച്ച് ശ്രീലങ്ക മാത്രമാണ് വോട്ട് ചെയ്തത്. പുതിയ പരിഷ്കാരത്തെ എതിര്‍ത്തുകൊണ്ടുള്ള ബിസിസിഐയുടെ നിലപാട് ഐസിസി 1-9 എന്ന നിലയില്‍ തള്ളി. അന്താരാഷ്്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഭരണഘടനയിലെ മാറ്റവും സാമ്പത്തിക വിതരണത്തിലെ നിലവിലെ ഫോര്‍മുലയും തള്ളിക്കൊണ്ടുള്ള ഭേദഗതിയാണ് ശശാങ്ക് മനോഹര്‍ അധ്യക്ഷനായ ഐസിസി മുന്നോട്ടുവച്ചത്.
2015-23 കാലയളവില്‍ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നു ചൂണ്ടിക്കാണിച്ചാണ് ഇന്ത്യ ഭേദഗതിയെ എതിര്‍ത്തത്. 3660 കോടി രൂപയാണ് ഇക്കാലയളവില്‍ ഇന്ത്യക്കു ലഭിക്കേണ്ടത്. എന്നാല്‍ പുതിയ മോഡലനുസരിച്ച് 1860 കോടി രൂപ മാത്രമേ ലഭിക്കൂ. ഇതാണ് ബിസിസിഐയെ ചൊടിപ്പിച്ചത്. ഇതു 2570 കോടിയായി ഉയര്‍ത്താമെന്ന നിര്‍ദേശം ശശാങ്ക് മനോഹര്‍ മുന്നോട്ടുവച്ചെങ്കിലും ബിസിസിഐ തള്ളുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് ഐസിസി യോഗത്തിന്റെ ആദ്യദിനം തന്നെ ഇതില്‍ വോട്ടെടുപ്പു നടന്നത്. വോട്ടെടുപ്പില്‍ ഇതിന്റെ ഗുണഭോക്താക്കളായ ഓസ്ട്രേലിയയും ഇംഗ്ലണ്ടും ബിസിസിഐക്ക് അനുകൂലമായ നിലപാടെടുത്തില്ല എന്നതാണ് ശ്രദ്ധേയം. ബിസിസിഐയുടെ നിര്‍ദേശങ്ങള്‍ അപ്പാടെ തള്ളുന്ന തീരുമാനമാണ് ഐസിസിയില്നിന്നുണ്ടായത്. ബിസിസിഐക്കു വേണ്ടി സെക്രട്ടറി അമിതാഭ് ചൗധരിയും ട്രഷറര്‍ അനിരുദ്ധ് ചൗധരിയും യോഗത്തിനെത്തി.
ഇന്റനാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലുമായി പരസ്യ പോരിന് ഇറങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനു കിട്ടിയവലിയ പ്രഹരമാണിത്. ചാമ്പ്യൻസ് ട്രോഫിയ്ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന ദിവസവും ടീം പ്രഖ്യാപിക്കാതെ ഐസിസിയെ സമ്മര്‍ദത്തിലാക്കാനായിരുന്നു ബിസിസിഐയുടെ തീരുമാനം.
എന്നാല്‍, പുതിയ സാഹചര്യത്തില്‍ എന്തു തീരുമാനം ബിസിസിഐ എടുക്കുമെന്നു കണ്ടറിയണം. ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന ദിവസം ഇന്നലെ സമാപിച്ചിരിക്കെ എന്നാല്‍, ഐസിസിയുമായി യോജിച്ച് പോകാനാകില്ലെന്ന സന്ദേശമാണ് ബിസിസിഐ നല്‍കുന്നത്.
ഇന്ത്യ ടൂര്‍ണമെന്റ് ബഹിഷ്കരിച്ചാല്‍ ഐസിസിക്ക് കോടികളുടെ നഷ്ടമുണ്ടാകും. എന്നാല്‍, ബഹിഷ്കരിക്കാനുള്ള തീരുമാനം ഇനിയെടുക്കാനാവില്ലെന്നാണ് ഈ രംഗത്തുള്ള വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ട് ഈയാഴ്ച തന്നെ ബിസിസിഐ ടീമിനെ പ്രഖ്യാപിക്കാൻ സാധ്യതയുമുണ്ട്.
ഇന്നലെ ചേര്‍ന്ന ഐസിസി ബോര്‍ഡ് യോഗത്തില്‍ അനുകൂല തീരുമാനമുണ്ടായാല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് ടീമിനെ അയയ്ക്കാം എന്ന നിലപാടിലായിരുന്നു ബിസിസിഐ. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുകയാണ്. ജുണ് ഒന്നിന് ഇംഗ്ലണ്ടില്‍ തുടങ്ങുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. ഇന്ത്യ ഒഴികെയുളള മറ്റെല്ലാവരും ടീമിനെ പ്രഖ്യാപിച്ചുകഴിഞ്ഞു.