ന്യൂഡൽഹി: വൻ സാന്പത്തിക നേട്ടം കൊയ്ത് രാജ്യത്തെ ക്രിക്കറ്റ് ഗവേണിംഗ് സമിതിയായ ബിസിസിഐ. അഞ്ചു വർഷത്തിനിടെ 150 കോടി ഡോളറാണ് (ഏകദേശം 12,000 കോടി) ബിസിസിഐ ലാഭമുണ്ടാക്കിയത്. 2021-22 സാന്പത്തിക വർഷാവസാനംവരെയുള്ള കണക്കാണിത്.
2022 മാർച്ചിൽ അവസാനിച്ച സാന്പത്തിക വർഷത്തിലെ കണക്കുപ്രകാരം ബിസിസിഐക്ക് 919 ദശലക്ഷം ഡോളർ വരുമാനവും 370 ദശലക്ഷം ഡോളർ ചെലവുമുണ്ട്. അതായത്, 549 ദശലക്ഷം ഡോളറിന്റെ ലാഭം (ഏകദേശം 4,500 കോടി രൂപ).
സാധാരണയായി ബിസിസിഐയുടെ വരുമാനക്കണക്കുകൾ ബോർഡ് പുറത്തുവിടാറില്ല. ലോകത്തിലെതന്നെ ഏറ്റവും ലാഭം കൊയ്യുന്ന നിയന്ത്രണസമിതികളിലൊന്നാണു ബിസിസിഐ. മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകളുടെ പതിന്മടങ്ങ് ആസ്തിയുള്ളതിനാൽ പലപ്പോഴും ഐസിസിയിൽ ബിസിസിഐ കാര്യങ്ങൾ തീരുമാനിക്കുന്ന സ്ഥിതിയുമുണ്ട്.
ക്രിക് ഇൻഫോയുടെ കണക്കുപ്രകാരം 2024 മുതൽ 2027 വരെ പ്രതിവർഷം 230 ദശലക്ഷം ഡോളറിന്റെ (ഏകദേശം 2,000 കോടി രൂപ) ലാഭമാണു ബിസിസിഐ പ്രതീക്ഷിക്കുന്നത്. അതായത്, ഐസിസിയുടെ വാർഷികലാഭമായ 600 ദശലക്ഷം ഡോളറിന്റെ (ഏകദേശം 5,000 കോടി രൂപ) 38.5 ശതമാനവും വരുന്നത് ഇന്ത്യയിൽനിന്നാണെന്ന് അർഥം.
കഴിഞ്ഞ വർഷം 620 കോടി ഡോളറിനാണ് (ഏകദേശം 50,000 കോടി രൂപ) ബിസിസിഐ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സംപ്രേഷണാവകാശം വിറ്റത്. രാജ്യാന്തര-പ്രാദേശിക മത്സരങ്ങളുടെ മാധ്യമ അവകാശങ്ങൾ വിതരണം ചെയ്യുന്നതിനായി ബിസിസിഐ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഇതിലൂടെയും വൻ തുക ബോർഡിനു ലഭിക്കും.