മുംബൈ: സ്വന്തം തല രക്ഷിക്കണമെന്ന് കളിക്കാർക്ക് മുന്നറിയിപ്പുമായി ബിസിസിഐ. ക്രിക്കറ്റ് പിച്ചിൽ ബൗണ്‍സറുകൾ കൊണ്ട് ബാറ്റ്സ്മാന്മാർക്ക് പരിക്കേൽക്കുന്നത് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐയുടെ നിർദേശം. പിൻകഴുത്തിൽ ബൗണ്‍സറുകൾ കൊള്ളുന്നത് തടയുന്ന തരത്തിലുള്ള ഹെൽമറ്റ് ഉപയോഗിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ആന്റി കണ്‍കഷൻ ഹെൽമറ്റുകൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ബസിസിഐ വ്യക്തമാക്കി.
കഴുത്തിനും സംരക്ഷണമൊരുക്കുന്ന തരത്തിലുള്ള ഹെൽമറ്റ് ധരിക്കണമെന്നാണ് ബിസിസിഐയുടെ ആവശ്യം. നിലവിൽ ഇന്ത്യൻ താരങ്ങളിൽ ശിഖർ ധവാൻ മാത്രമാണ് കഴുത്തിനുകൂടി സംരക്ഷണമൊരുക്കുന്ന തരത്തിലുള്ള ഹെൽമറ്റ് ഉപയോഗിക്കുന്നത്.
ആഷസ് ടെസ്റ്റിനിടെ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറുടെ ബൗണ്‍സർ കഴുത്തിൽകൊണ്ട് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന് പരിക്കേറ്റതോടെയാണ് ബാറ്റ്സ്മാൻമാരുടെ സുരക്ഷ വീണ്ടും ചർച്ചയായത്. പരിക്കേറ്റ സ്മിത്ത് ഇന്ന് ആരംഭിക്കുന്ന മൂന്നാം ആഷസ് ടെസ്റ്റിൽ ഓസീസ് ടീമിനൊപ്പമില്ല.