കണ്ണൂർ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ സുഹൃത്തായ യുവതി വീട്ടിൽ വിളിച്ച് കൊണ്ടുപോയി മായം കലർത്തിയ ജ്യൂസ് നൽകി സുഹൃത്തുക്കളെ വിളിച്ച് വരുത്തി പീഡിപ്പിച്ചതായി പരാതി.
കണ്ണൂർ സിറ്റി സ്റ്റേഷൻ പരിധിയിലെ കാഞ്ഞിരയിലാണ് സംഭവം. കണ്ണൂരിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ വാഹനം നോക്കി നിന്ന ചാലക്കുന്ന് സ്വദേശിനിയെയാണ് യുവതിയുടെ രണ്ട് സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചത്.
യുവതിയുടെ സുഹൃത്തായ കാഞ്ഞിര സ്വദേശിനി വാഹനം കിട്ടാൻ താമസിക്കുമെന്ന് പറയുകയും വീട്ടിൽ പോയി വരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടി കൊണ്ട് പോകുകയായിരുന്നു.
വീട്ടിൽ എത്തിയശേഷം കുടിക്കാനായി ജ്യൂസ് നൽകി. ജ്യൂസ് കുടിച്ച് കുറച്ച് കഴിഞ്ഞപ്പോൾ യുവതി ബോധം കെട്ടുവീണു.
കാഞ്ഞിര സ്വദേശിനി അവരുടെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി.
പീഡന ശേഷം യുവതിയെ വീട്ടിൽ ഉപേക്ഷിച്ച് ഇവർ രക്ഷപെടുകയായിരുന്നു.
അടുത്ത വീട്ടിലെ ആൾക്കാരാണ് അബോധാവസ്ഥയിൽ യുവതിയെ കണ്ടെത്തിയത്. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
താഴെ ചൊവ്വ സ്വദേശിയായ ഓട്ടോ ഡ്രൈവറും സുഹൃത്തുമാണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് സൂചന. ഇന്നലെ യുവതിയുടെ പരാതിയിൽ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.