വടക്കഞ്ചേരി: പന്നി ശല്യത്തിൽ നിന്നും പ്ലാവും ചക്കയും സംരക്ഷിക്കാനുള്ള അമേരിക്കൻ മലയാളിയുടെ സാഹസമാണിത്.
ദേശീയപാതയോട് ചേർന്ന് തേനിടുക്കിലെ കൂടത്തിനാലിൽ ജോണ് തോമസാണ് വീട്ടുവളപ്പിൽ ഓമനിച്ചു വളർത്തിയ പ്ലാവിലെ ചക്കപ്പഴം തിന്നാനുള്ള കൊതിയിൽ ചക്ക വാങ്ങുന്നതിനേക്കാൾ കൂടുതൽ പണം ചെലവഴിച്ച് പ്ലാവിനു ചുറ്റും കന്പിവേലി കെട്ടി സംരക്ഷണം തീർത്തിട്ടുള്ളത്.
കഴിഞ്ഞ വർഷമാണ് പ്ലാവിൻ തൈയിൽ ആദ്യമായി ചക്ക ഉണ്ടായത്. ചക്കകൾ നന്നായി മൂത്തതിനു ശേഷം പറിക്കാമെന്ന് കരുതി നിർത്തി.
എന്നാൽ ഒരു രാത്രി കാട്ടുപന്നികൾ കൂട്ടമായെത്തി ചക്കകളെല്ലാം നശിപ്പിച്ചു. ഈ വർഷമെങ്കിലും ചക്കയുടെ രുചിയറിയാനാണ് ഈ മുൻകരുതൽ എടുത്തതെന്ന് ജോണ് തോമസ് പറഞ്ഞു. ഈ പ്രദേശങ്ങളിലെല്ലാം പന്നി ശല്യം അതിരൂക്ഷമാണ്.
കിഴങ്ങുവർഗ്ഗങ്ങളൊന്നും വീട്ടുവളപ്പിൽ കൃഷി ചെയ്യാനാകില്ല. താഴെ വീഴുന്ന നാളികേരവും പന്നികൾ പൊളിച്ച് തിന്നും.
നാളികേരത്തോടെ തെങ്ങിൻ തൈ നട്ടാലും പന്നികൾ മണ്ണ് മാറ്റി നാളികേരം പുറത്തെടുത്ത് തൈ നശിപ്പിക്കും. സന്ധ്യയായാൽ വീടിനു പുറത്തിറങ്ങാൻ പേടിക്കണം.
വീടുകൾക്കു ചുറ്റം പന്നി കൂട്ടങ്ങളുണ്ടാകും. റോഡിനു കുറകെ പന്നികൾ ഓടി ബൈക്ക് യാത്രികർ അപകടത്തിൽപ്പെടുന്ന സംഭവങ്ങളും ഈ മേഖലയിൽ കൂടുതലാണ്.