പിറന്നാൾ ദിനത്തിൽ സമ്മാനങ്ങൾ കൊടുക്കുന്നത് പതിവാണ്. അവനനവന്റെ കൈയിലുള്ള പണത്തിന് തക്കതായ എന്തെങ്കിലുമൊക്കെ പിറന്നാൾ കുട്ടിക്ക് വാങ്ങിക്കൊടുക്കാറുമുണ്ട്. എന്നാൽ പിറന്നാൾ സമ്മാനം ലഭിക്കാത്തതിനാൽ മനംനൊന്ത് 15കാരൻ ജീവനൊടുക്കിയ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
പിറന്നാൾ ദിനത്തിൽ അമ്മ മൊബൈൽ ഫോൺ നൽകാൻ വിസമ്മതിച്ചതിനാലാണ് 15 കാരൻ ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ മിറാജ് നഗരത്തിലാണ് സംഭവം.
വിശ്വജീത് രമേഷ് ചംദൻവാലെ എന്ന കുട്ടിയാണ് വീട്ടിൽ തൂങ്ങി മരിച്ചത്. അമ്മയും സഹോദരിയും ഉറങ്ങിക്കിടക്കുമ്പോഴാണ് കുട്ടി ജീവനൊടുക്കിയത്.
രണ്ട് ദിവസം മുമ്പാണ് വിശ്വജീത് പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ സമ്മാനമായി അമ്മയോട് മൊബൈൽ ഫോൺ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം അമ്മ അപേക്ഷ നിരസിച്ചു.
അടുത്ത ദിവസമാണ് കുട്ടിയെ വീട്ടുകാർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അപകട മരണ റിപ്പോർട്ട് (എഡിആർ) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.