ആലപ്പുഴ: ദേശീയ ജനാധിപത്യസഖ്യം കേരളാ ഘടകത്തിലെ പ്രധാന ഘടകകക്ഷിയായ ബിഡിജഐസുമായുള്ള ബിജെപി ബന്ധം ഉലയുന്നു. മുന്നണി രൂപീകരണ സമയത്ത് പാർട്ടിക്ക് വാഗ്ദാനം ചെയ്ത കയർ, സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനങ്ങളടക്കമുള്ളവ മാസങ്ങൾ കഴിഞ്ഞിട്ടും ലഭിക്കാത്ത സാഹചര്യത്തിലാണ് ബിഡിജഐസ് -ബിജെപി ബന്ധത്തിൽ അനൈക്യമുണ്ടായിരിക്കുന്നത്. അതേസമയം എൻഡിഎ മുന്നണിയുടെ ഭാഗമെന്ന നിലയിൽ ബിഡിജഐസിന്റെ പ്രവർത്തനങ്ങളിൽ ബിജെപിയ്ക്കും അതൃപ്തിയാണുള്ളത്.
എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിജെപി പ്രവർത്തകരുടെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്താൻ പോലും ബിഡിജഐസ് തയാറായില്ലെന്ന ആക്ഷേപം ബിജെപിക്കുണ്ട്. മുന്നണിയിലെ കേരള കോണ്ഗ്രസ് വിഭാഗമുൾപ്പെടെയുള്ള കക്ഷികളുടെ നേതാക്കൾ കൊല്ലപ്പെട്ട പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ചിരുന്നു. മാത്രമല്ല സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് ബിഡിജഐസ് തയാറാകാത്തതും മുന്നണി ബന്ധത്തെ ബാധിച്ചിട്ടുണ്ട്.
നേരത്തെ കണിച്ചുകുളങ്ങരയിൽ ചേർന്ന ബിഡിജഐസ് സംസ്ഥാന നേതൃയോഗത്തിൽ സംസ്ഥാനത്തെ റേഷൻ വിതരണം പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി മൂന്നിന് സെക്രട്ടറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിൽ കളക്ടറേറ്റിലേക്കും മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ എസ്എൻഡിപി യോഗ നേതൃത്വത്തിന്റെ കർശന നിലപാടിനെത്തുടർന്ന് ഇത് നടത്താൻ സാധിച്ചിരുന്നില്ല. സംസ്ഥാന സർക്കാരിനെതിരെ പ്രത്യക്ഷ സമരപരിപാടികൾ വേണ്ടായെന്നും പ്രസ്താവനകൾ പോലെയുള്ള കാര്യങ്ങൾ നടത്തിയാൽ മതിയെന്നുമുള്ള നിലപാടിലായിരുന്നു യോഗ നേതൃത്വം.
ബിഡിജഐസും- എസ്എൻഡിപിയും രണ്ടാണെന്ന് പരസ്യമായി പ്രഖ്യാപിച്ചതിനുശേഷവും പാർട്ടിയിൽ യോഗ നേതൃത്വം നടത്തുന്ന അനിയന്ത്രിതമായ കൈകടത്തൽ ബിഡിജഐസിനുള്ളിലെ മറ്റ് വിഭാഗക്കാരെ അസംതൃപ്തരാക്കിയിട്ടുണ്ട്. പലരും വിഷയം പാർട്ടി യോഗങ്ങളിൽ തുറന്നുപറഞ്ഞതായാണ് അറിയാൻ കഴിയുന്നത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി നൽകിയ വാഗ്ദാനങ്ങളൊന്നുപോലും നടപ്പാക്കാൻ തയാറാകാത്തതിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി കഴിഞ്ഞദിവസം പരസ്യമായി രംഗത്തെത്തിയിരുന്നു.
എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുന്നതുവരെ ബിജെപിക്കൊപ്പം ശക്തമായി നിലയുറപ്പിച്ചിരുന്ന യോഗം ജനറൽ സെക്രട്ടറി പിന്നീട് നിലപാട് മയപ്പെടുത്തിയിരുന്നു. ശാശ്വതീകാനന്ദ കേസും മൈക്രോ ഫിനാൻസ് അടക്കമുള്ള വിഷയങ്ങളിലും സംസ്ഥാന സർക്കാർ ശക്തമായ അന്വേഷണവുമായി മുന്നോട്ടുപോകാനുള്ള തീരുമാനമെടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയെ യോഗം ജനറൽ സെക്രട്ടറി സന്ദർശിച്ചിരുന്നു. ഇതിനുശേഷം സംസ്ഥാന സർക്കാരിനെതിരെ ശക്തമായ ആക്രമണങ്ങൾ യോഗത്തിന്റെ ഭാഗത്തുനിന്നുമുണ്ടാകാത്തതും ശ്രദ്ധേയമാണ്.