സ്വന്തം ലേഖകന്‍
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ നിര്‍ണായക ശക്തിയായി മാറുമെന്ന ശുഭപ്രതീക്ഷയ്ക്ക് പിന്നാലെ എന്‍ഡിഎയില്‍ പൊട്ടിത്തെറി. അര്‍ഹമായ പരിഗണന ഘടകകക്ഷികള്‍ക്ക് ബിജെപിയുടെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ലെന്ന ആരോപണമാണുയരുന്നത്. ബിഡിജെഎസാണ് അമര്‍ഷവുമായി രംഗത്തെത്തിയത്.
മത്സരിക്കുന്ന മണ്ഡലത്തിനു പുറത്ത് യാതൊരുപരിഗണനയും ബിജെപി നേതൃത്വം നല്‍കിയിട്ടില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ മുന്നണിയില്‍ തുടരണമോയെന്നത് സംസ്ഥാന നേതൃത്വം തീരുമാനിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ചോദിച്ചതു 32, കിട്ടിയത് 21
സീറ്റ് വിഭജനഘട്ടത്തില്‍ ബിഡിജെഎസിനെ അവഗണിച്ചിരുന്നെങ്കിലും സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍വെള്ളാപ്പള്ളി മൗനംപാലിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 38 സീറ്റ് ലഭിച്ച ബിഡിജെഎസിന് ഇത്തവണ 21 സീറ്റ് മാത്രമായിരുന്ന ലഭിച്ചത്.
ആവശ്യപ്പെട്ടതാകട്ടെ 32 സീറ്റും. എന്നിട്ടും തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുമായി തര്‍ക്കത്തിന് ബിഡിജെഎസ് രംഗത്തെത്തിയിരുന്നില്ല. എന്നാല്‍ പ്രചാരണഘട്ടത്തില്‍ നേതാക്കള്‍ക്ക് ബിജെപിയുടെ ഭാഗത്ത് നിന്ന് നേരിടേണ്ടി വന്ന അവഗണനയാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്.
ക്ഷണമില്ലാതെ
ബിഡിജെഎസ് പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരത്തിയാണ് ബിജെപി ഇതിനെ പ്രതിരോധിക്കുന്നത്. വോട്ട് കുറഞ്ഞാല്‍ അത് ബിഡിജെഎസിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള നീക്കമാണ് ബിജെപി നേതാക്കള്‍ നടത്തുന്നതെന്നും ബിഡിജെഎസ് ആരോപിച്ചു.
കോഴിക്കോട് ജില്ലയില്‍ ബിഡിജെഎസ് ജില്ലാ നേതൃത്വത്തെ ബിജെപി പൂര്‍ണമായും അവഗണിച്ചിരുന്നതായാണ് പ്രവര്‍ത്തകരും നേതാക്കളും ആരോപിക്കുന്നത്. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അമിത്ഷാ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രചാരണത്തില്‍ പോലും ബിഡിജെഎസ് നേതാക്കളെ ക്ഷണിച്ചിരുന്നില്ല.
ജില്ലയിലെ എന്‍ഡിഎയുടെ മിക്ക നിയോജകമണ്ഡലം പഞ്ചായത്ത് കമ്മിറ്റി ഓഫീസുകള്‍ക്ക് മുന്നില്‍ ബിഡിജെഎസിന്റെ പതാകകള്‍ പോലുമില്ലാത്തതും തമ്മിലടിയുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ്.
ജില്ലാ നേതാക്കൾക്ക് അമർഷം
2016 ല്‍ അനുവദിച്ച കോഴിക്കോട് സൗത്ത്, പേരാമ്പ്ര, തിരുവമ്പാടി സീറ്റുകള്‍ പോലും ബിജെപി ഏറ്റെടുത്തതിലും ബിഡിജെഎസ് ജില്ലാ നേതൃത്വത്തിന് അമര്‍ഷമുണ്ട്.
ഇതിന്റെ ഭാഗമായാണ് എന്‍ഡിഎ ചെയര്‍മാനും ബിജെപി ജില്ലാ പ്രസിഡന്റുമായ കുന്നമംഗലത്തെ സ്ഥാനാര്‍ഥി വി.കെ.സജീവന്, നോര്‍ത്തിലെ സ്ഥാനാര്‍ഥി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് എന്നിവരുടെ പ്രചാരണത്തില്‍ നിന്ന് ബിഡിജെഎസ് വിട്ടു നിന്നത്.
അതേസമയം തിരുവമ്പാടി, വടകര, ബേപ്പൂര്‍ മണ്ഡലങ്ങളില്‍ ബിഡിജെഎസ് സജീവമായി പ്രവര്‍ത്തനരംഗത്തുണ്ടായിരുന്നു. നിലവില്‍ ബിജെപിയില്‍ നിന്ന് നേരിട്ട അവഗണനയും പ്രവര്‍ത്തകരുടെ അഭിപ്രായവും സംസ്ഥാന കമ്മിറ്റി മുമ്പാകെ അറിയിച്ചിട്ടുണ്ടെന്ന് ജില്ലാ പ്രസിഡന്റ് ഗിരിപാമ്പനാല്‍ പറഞ്ഞു.
പ്രശ്നങ്ങളില്ലെന്ന്
എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ബിഡിജെഎസില്‍ ഇല്ലെന്ന് സംസ്ഥാന നേതാക്കള്‍ അറിയിച്ചു. എല്ലാ പരിഗണനയും ബിജെപിയില്‍ നിന്ന് ലഭിച്ചതായും കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പരാതി ലഭിച്ചിട്ടില്ലെന്നും സംസ്ഥാന നേതാവ് സന്തോഷ് അരയക്കണ്ടി അറിയിച്ചു.