മാവേലിക്കര: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിഡിജെഎസ് സംസ്ഥാന കൗണ്‍സിൽ യോഗം നാളെ ചേർത്തലയിൽ നടക്കും. ചെങ്ങന്നൂരിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർഥിയെ നിശ്ചയിക്കുക എന്നതാണ് യോഗത്തിന്റെ അജണ്ട.
കൊല്ലത്ത് നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റിംഗിൽ എൻഡിഎ മുന്നണിയുമായിൽ നിന്നും മാറാനുള്ള തീരുമാനമെടുക്കുകയും ചെങ്ങന്നൂരിൽ ബിഡിജെഎസിനു അനുയോജ്യരായ സ്ഥാനാർഥികളുടെ ലിസ്റ്റ് തയാറാക്കാൻ സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയെ എക്സിക്യൂട്ടീവ് ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ബിജെപി എൻഡിഎ സംവിധാനത്തെ അട്ടിമറിക്കുന്നുവെന്നും ഏകപക്ഷീയമായി കാര്യങ്ങൾ നീക്കുന്നുവെന്നതുമാണ് ബിഡിജെഎസിനെ ചൊടിപ്പിച്ചത്.
നാലുമാസമായി എൻഡിഎ യോഗം ചേർന്നിട്ടില്ല. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി ചർച്ചകൾക്കു ഇതുവരെ ബിഡിജെഎസിനെ ക്ഷണിച്ചിട്ടില്ലെന്നതാണ് പെട്ടെന്നുള്ള പ്രകോപനത്തിനു കാരണം. എന്നാൽ അസ്വസ്ഥത കഴിഞ്ഞ ഇലക്ഷനു ശേഷം മുതൽ തന്നെ നിലനിന്നു വരികയായിരുന്നു.
കുമ്മനത്തിന്റെ യാത്രയിൽ തുഷാർ ആദ്യഘട്ടത്തിൽ പങ്കെടുക്കാതിരുന്നതിനുള്ള കാരണവും ഇതുതന്നെയായിരുന്നെന്നാണ് റിപ്പോർട്ട്. പിന്നീട് അമിത്ഷാ നേരിട്ടിടപെട്ടാണ് പ്രശ്ന പരിഹാരം ഉണ്ടാക്കിയതും തുഷാറിനെ സമാപനച്ചടങ്ങിൽ പങ്കെടുപ്പിച്ചതും. ബിഡിജെഎസ് സ്വന്തമായി മത്സരിക്കണമെന്നത് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മറ്റിയാണ് ആവശ്യപ്പെട്ടത്. പിന്നീട് ഇത് സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകരിക്കുകയായിരുന്നു.
നാളെ ചേരുന്ന യോഗത്തിൽ നിലവിലെ സ്ഥാനാർത്ഥി ലിസ്റ്റിലുള്ള ചർച്ചകളായിരിക്കും നടക്കുക. സംസ്ഥാന കമ്മറ്റി അംഗം ബി. സുരേഷ്ബാബു, സംസ്ഥാന സെക്രട്ടറി സിനിൽ മുണ്ടപ്പള്ളി, ജില്ലാ പ്രസിഡന്റ് ഷാജി എം. പണിക്കർ എന്നിവരുടെ പേരുകളാണ് ലിസ്റ്റിലുള്ളതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പാർട്ടുകൾ. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിഡിജെഎസ് ബൂത്തുതല യോഗങ്ങൾ വരെ പൂർത്തിയാക്കിയെന്നും പാർട്ടി ഘടകങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
ബിജെപിയുടെ അമിത ന്യൂനപക്ഷ താത്പര്യത്തിലും കഴിഞ്ഞ ദിവസം ഉണ്ടായ മാപ്പുപറച്ചിലിലും അൽഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രിസഭ പ്രവേശനത്തിലും അസ്വസ്ഥരായ ചില ബിജെപിക്കാരും ബിഡിജെഎസിന് ഒപ്പം ചേർന്നതായും പറയുന്നു. സി.കെ. ജാനുവിന്റെ പാർട്ടിയും, ജെഎസ്എസ് രാജൻബാബു വിഭാഗവും ബിഡിജെഎസിന് ഒപ്പം എൻഡിഎ വിടാൻ തയാറെടുക്കുന്നതായും സൂചന ഉണ്ട്.
യുഡിഎഫ് എൽഡിഎഫ് മുന്നണികളിലും ബിഡിജെഎസുമായി ബന്ധപ്പെട്ട് ചരടുവലികൾ നടക്കുന്നു. സീറ്റ് തർക്കങ്ങളാണ് തീരുമാനങ്ങൾ വൈകിപ്പിക്കാൻ കാരണം. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റൊരു മുന്നണി പ്രവേശനത്തിനും കളമൊരുങ്ങുന്നതായാണ് ബിഡിജെഎസിൽ നിന്ന് ലഭിക്കുന്ന സൂചന.