ചേർത്തല: ബിജെപിക്ക് ഇടമില്ലാതിരുന്ന കേരളത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിനൊപ്പം ചേർന്നപ്പോഴാണ് തല ഉയർത്തനായതെന്നു ബിഡിജെഎസ് നേതൃയോഗം.
വെറും ആറുശതമാനത്തിന്റെ വോട്ടുവിഹിതമുണ്ടായിരുന്ന പാർട്ടിയുടെ വിഹിതം 16 ശതമാനം ആയി ഉയർന്നതായും സമ്മേളനത്തിൽ ജനറൽ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇന്നു എൻഡിഎയുടെ സ്ഥിതി ദയനീയമാണെന്നും ഭരണത്തിലെത്താൻ കഴിയുമaെന്ന വിശ്വാസം ജനങ്ങളിലിപ്പോഴില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ബിഡിജെഎസിനെ കൂടെ കൂട്ടി സംസ്ഥാനത്തു നിലയുറപ്പിച്ചെങ്കിലും പാർട്ടിക്കു നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി ലംഘിക്കുകയായിരുന്നു. ഇക്കാര്യത്തിൽ പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിരന്തരം ചർച്ചനടത്തുന്നുണ്ടെങ്കിലും പരിഹാരമുണ്ടാകുന്നില്ല.
സംസ്ഥാനത്ത് ഒറ്റക്കെട്ടായി പരിശ്രമിച്ചാൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാതെരഞ്ഞെടുപ്പിലും ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിച്ചു നേട്ടങ്ങളുണ്ടാക്കാനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേ സമയം ബിഡിജെഎസ് രക്ഷാധികാരിയും എസ്എൻഡിപി യോഗം നേതാവുമായ വെള്ളാപ്പള്ളി നടേശന്റെ എൽഡിഎഫ് പ്രീണന നയത്തെക്കുറിച്ചു റിപ്പോർട്ടിൽ ഒന്നും പറയുന്നില്ല.
കഴിഞ്ഞ ദിവസം എൽഡിഎഫിന്റെ ജില്ലയുടെ ചുമതലക്കാരനായ ജി. സുധാകരനെ വെള്ളാപ്പളളി നടേശൻ കണിച്ചുകുളങ്ങരയിൽ സ്വീകരണം നല്കിയത് വാർത്തയായിരുന്നു. എസ്എൻഡിപി ഇടതുപക്ഷ പാളയത്തിലേക്കു തിരിയുന്നുവെന്നായിരുന്നു സമ്മേളനത്തിന്റെ സുചന.അതേസമയം ബിഡിജെഎസിലെ തർക്കങ്ങൾ ഇനിയും രൂക്ഷമാകാനാണ് സാധ്യത.
മുൻ ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനെ റിപ്പോർട്ടിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്. സുഭാഷ് വാസുവിന്റെ പ്രവർത്തനങ്ങൾ പാർട്ടിക്ക് പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. ഒറ്റക്കെട്ടായി നിന്നു നേരിട്ട് ഇയാളെ പുറത്താക്കി. പേരിനു പുതിയ പാർട്ടിയുണ്ടാക്കിയെങ്കിലും ബി ജെ പി നേതൃത്വം അംഗീകരിക്കില്ലെന്നു വിവരം ലഭിച്ചിട്ടുള്ളതായും റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളിൽ ആളുള്ള പാർട്ടികളായ ആറെണ്ണത്തിൽ പെടുന്നതാണ് ബിഡിജെഎസെന്ന് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എൻഡിഎയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും 35 ശതമാനം സീറ്റ് അർഹതപ്പെട്ടതാണെന്നും ഇതിനായി പാർട്ടിയെ സജ്ജമാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
സഹോദരനെ പോലെ കൂടി തുരപ്പന്റെ പണികാട്ടിയ ആളാണ് സുഭാഷ് വാസുവെന്നും തുഷാർവെള്ളാപ്പള്ളി പറഞ്ഞു. ജനറൽ സെക്രട്ടറി ടി.വി.ബാബു, എ.ജി. തങ്കപ്പൻ, അരയക്കണ്ടി സന്തോഷ്, സംഗീത വിശ്വനാഥൻ, വി. ഉണ്ണികൃഷ്ണൻ, വി. ഗോപകുമാർ, നീലകണ്ഠൻ മാസ്റ്റർ, തഴവ സഹദേവൻ, സന്ദീപ് പച്ചയിൽ തുടങ്ങിയവർ പങ്കെടുത്തു.