കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ കെട്ടിയിറക്കുന്നതിനെതിരെയും ബിഡിജെഎസിനു കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നതിനെതിരേയും ബിജെപി നേതാക്കളില്‍ കടുത്ത അമര്‍ഷം. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരില്‍ പാര്‍ട്ടി പരിപാടിക്കെത്തുമ്പോള്‍ വിഷയം മുന്നിലെത്തിക്കാനുള്ള നീക്കം സജീവമായി. തൃശൂരില്‍ യുവമോർച്ച സമ്മേളനത്തിലാണ് മോദിയുടെ പ്രസംഗം.
സമ്മേളനത്തിനു ശേഷമോ, മുമ്പോ പാര്‍ട്ടി നേതാക്കളുമായി മോദി സംസാരിക്കുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മുതലാക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ മോദിക്കും കേന്ദ്രനേതൃത്വത്തിനും കടുത്ത അമര്‍ഷമുണ്ട്. ഇതു സംസ്ഥാന നേതാക്കളോടു നേരിട്ടു പറയാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് ഒരു സംസ്ഥാന നേതാവ് വെളിപ്പെടുത്തുന്നു.
ഇതു കൂടാതെ സര്‍വേ പ്രകാരം കേരളത്തില്‍ ബിജെപി സഖ്യത്തിനു സാധ്യതയില്ല. 16 സീറ്റില്‍ യുഡിഎഫും നാലു സീറ്റില്‍ എല്‍ഡിഎഫുമാണ്. ഇവിടെയൊരു അട്ടിമറി സാധ്യതയുണ്ടാകണമെങ്കില്‍ മോഹന്‍ലാലിനെ പോലുള്ള സിനിമാ താരങ്ങൾ എത്തണമെന്നു വാദിക്കുന്നവരാണ് ഔദ്യോഗിക വിഭാഗം.
എന്നാല്‍, തിരുവനന്തപുരം പോലുള്ള സീറ്റുകളില്‍ കണ്ണു വച്ചിരിക്കുന്ന സംസ്ഥാന നേതാക്കള്‍ ഇതിനെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരേ നില്‍ക്കില്ല. കാരണം കേന്ദ്ര നേതൃത്വത്തിന്റെ അപ്രീതിക്കു പാത്രമാകുമെന്ന ഭയമുണ്ട്.
ഗ്രൂപ്പിന്റെ പേരില്‍ സ്ഥാനാര്ഥിത്വത്തിനു വേണ്ടിയുള്ള മത്സരം പാർട്ടിക്കുള്ളില്‍ സജീവമാണ്. പാര്‍ട്ടി കണ്ടു വച്ചിരിക്കുന്ന സീറ്റുകളില്‍പോലും മറ്റു പലരും അവകാശവാദവുമായി വന്നു കൊണ്ടിരിക്കുകയാണ്. സംസ്ഥാന നേതാക്കളെല്ലാം തന്നെ സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
എന്നാല്‍, ബിഡിജെഎസിന്റെ കടന്നുവരവ് ബിജെപി നേതാക്കളുടെ കണക്കുകൂട്ടല്‍ തെറ്റിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം തൃശൂരില്‍ ചേര്‍ന്ന നേതൃയോഗത്തിലും ബിഡിജെഎസിന്റെ കൂടുതല്‍ സീറ്റിനായിട്ടുള്ള അവകാശവാദം അംഗീകരിക്കാതെ നേതാക്കള്‍ രംഗത്തുവന്നു. ബിഡിജെഎസിന്റെ പിടിവാശിയും പാര്‍ട്ടിയെ വിഷയസ്ഥിതിയിലേക്കു നയിക്കുന്നു. ബിജെപിയുടെ പ്രസ്റ്റീജ് സീറ്റില്‍ പോലും അവകാശവാദം ഉന്നയിച്ചു കൊണ്ടു ബിഡിജെഎസ് രംഗത്തിറങ്ങിയിരിക്കുകയാണ്.
എട്ടു സീറ്റുകളാണ് തുഷാര്‍ വെള്ളാപ്പള്ളി ആവശ്യപ്പെടുന്നത്. ഇതിനെ നേതാക്കള്‍ പാടേ അവഗണിക്കുമ്പോള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയുടെ നിലപാടുകളും നേതാക്കള്‍ക്കു പിടിക്കുന്നില്ല.
ആറു സീറ്റെങ്കിലും ബിഡിജെഎസിനു കൊടുക്കേണ്ടി വരുമെന്നാണ് കഴിഞ്ഞ ദിവസം തൃശൂരില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ ശ്രീധരന്‍പിള്ള പറഞ്ഞത്. ഇതോടെ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. നാല് സീറ്റില്‍ കൂടുതല്‍ നല്‍കേണ്ടതില്ലെന്ന ധാരണയാണ് യോഗത്തിലുണ്ടായത്. ശബരിമല വിഷയം കൂടുതല്‍ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാനാണ് യോഗം തീരുമാനിച്ചത്.
ശബരിമല വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരെ ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. സമരം സെക്രട്ടറിയേറ്റിനു മുന്നിലേക്കു മാറ്റി പരിഹാസ്യമായി അവസാനിപ്പിക്കേണ്ടിവന്നത് ശ്രീധരന് പിള്ളയുടെ കഴിവുകേടാണെന്നായിരുന്നു പധാനവിമര്ശനം. ശബരിമല വിഷയത്തില്‍ പിള്ള നടത്തിയ പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ ബിജെപിയുടെ വിശ്വാസ്യത കളഞ്ഞതായി മുരളീധര പക്ഷത്തെ നേതാക്കള്‍ പറഞ്ഞു.
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, കാസര്‍ഗോഡ്, കൊല്ലം സീറ്റുകള്‍ പ്രസ്റ്റീജ് സീറ്റുകളായിട്ടാണ് ബിജെപി കാണുന്നത്. തിരുവനന്തപുരം നേടിയെടുക്കാനുള്ള തയാറെടുപ്പിലാണ് ബിജെപി. എന്നാല്‍ അതിന് അനുയോജ്യനായ ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പാര്‍ട്ടിക്കു കഴിയുന്നില്ല. മോഹൻലാലിനെ മത്സരിപ്പിക്കാനുള്ള നീക്കം നടത്തുന്നുണ്ട്. മോദി വിളിച്ചാല്‍ മോഹന്‍ലാല്‍ വരുമെന്ന പ്രതീക്ഷ കൈവിടാതെയാണ് സംസ്ഥാന നേതൃത്വം. അല്ലെങ്കില്‍ കുമ്മനം രാജേശേഖരൻ, കെ. സുരേന്ദ്രന് എന്നിവരെയും പരിഗണിക്കുന്നുണ്ട്.