കളമശേരി: ബിജെപിയും ഘടകകക്ഷിയായ ബിഡിജെഎസും തമ്മിലുള്ള തർക്കത്തിൽ താത്ക്കാലിക വെടി നിർത്തൽ. ഇതിന്റെ ഭാഗമായി ഇന്ന് ബിജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജന രക്ഷായാത്രയിൽ ഇടപ്പള്ളി മുതൽ ബിഡിജെഎസ് അണിചേരാൻ തീരുമാനമായി.
ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ ജില്ലാ അതിർത്തിയായ അങ്കമാലിയിൽ ജന രക്ഷായാത്ര പ്രവേശിക്കും. ആലുവ വഴി കളമശേരിയിലെത്തുന്ന രക്ഷായാത്ര കൊച്ചി കോർപ്പറേഷൻ പരിധിയിലെത്തുമ്പോഴാണ് ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗോപകുമാറിന്റെ നേതൃത്വത്തിൽ അണിചേരുന്നത്. തുടർന്ന് രാജേന്ദ്ര മൈതാനിയിലെ പൊതുയോഗത്തിലും പ്രസംഗിക്കും.
ഏത് മുന്നണിയിലേക്കും കൂടുമാറാമെന്ന നിലയിൽ ബിഡിജെഎസ് നീക്കം നടത്തുന്നതിനിടയിലാണ് വീണ്ടും ബിജെപിയുമായി സമരങ്ങളിൽ സഹകരിക്കാൻ തീരുമാനമായിരിക്കുന്നത്. ജന രക്ഷായാത്ര ഉദ്ഘാടന ചടങ്ങിൽ നിന്ന് സംഘടന വിട്ടു നിന്നിരുന്നു.
അൽഫോൺസ് കണ്ണന്താനം കേന്ദ്ര മന്ത്രിയായതിന് ശേഷമാണ് കേന്ദ്രം പരിഗണിച്ചില്ലെന്ന പേരിൽ ബിഡിജെഎസ് എൻഡിഎ മുന്നണിയുമായി നിസഹരണം പ്രഖ്യാപിച്ചത്. കേന്ദ്ര മന്ത്രിയുടെ സ്വീകരണ ചടങ്ങുകളിൽ നിന്ന് മാറി നിൽക്കുകയും ചെയ്തിരുന്നു.