കോട്ടയം: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ തുടരണമോ എന്നതില്‍ തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്കുന്ന ബിഡിജെഎസ് വൈകാതെ തീരുമാനമെടുക്കും. തുഷാര്‍ പങ്കെടുത്ത കോട്ടയം ജില്ലാ ക്യാംപില്‍ മുന്നണിമാറ്റ പ്രമേയം ഏകകണ്ഠമായി അവതരിപ്പിച്ചതിനു പിന്നാലെ ചേര്‍ത്തലയില്‍ സംസ്ഥാന എക്സിക്യുട്ടീവ് ചേരുകയാണ്.
മറ്റു മുന്നണികളില്‍ ലഭിക്കാവുന്ന അവസരവും സാധ്യതയും സംസ്ഥാന അധ്യക്ഷന്‍ പരിശോധിക്കണമെന്നാണു കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നത്.ചേര്‍ത്തയിലെ നേതൃയോഗത്തില്‍ സംസ്ഥാന ഭാരവാഹികളോടും ജില്ലാ പ്രസിഡന്റുമാരോടും പങ്കെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒന്‍പതു വര്‍ഷം എന്‍ഡിഎ മുന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടും അവഗണനയല്ലാതെ മറ്റൊരു നേട്ടവുമുണ്ടായില്ല.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്ത് മത്സരിച്ചപ്പോള്‍ ബിജെപിയില്‍നിന്നു കാര്യമായ പിന്തുണ ലഭിച്ചില്ലെന്നും ഈഴവ വോട്ടുകള്‍ മാത്രമാണ് ഏകീകരിച്ചതെന്നും ബൂത്തുതല പോളിംഗ് കണക്കുകള്‍ വിലയിരുത്തി പാര്‍ട്ടി ക്യാമ്പില്‍ വിമര്‍ശനം ഉയര്‍ന്നു. മാത്രവമല്ല ബിജെപി ദേശീയ അധ്യക്ഷനായിരുന്ന ജെപി നഡ്ഡ പങ്കെടുത്ത റോഡ് ഷോയിലും ബിജെപി സംസ്ഥാന നേതാക്കളുടെ പങ്കാളിത്തമുണ്ടായില്ല.
തുഷാറിന് രാജ്യസഭ എംപി സ്ഥാനം, കേന്ദ്രമന്ത്രി സ്ഥാനം തുടങ്ങിയവയായിരുന്നു ബിഡിജെഎസ് പ്രതീക്ഷിച്ചത്. ലോക്സഭയിലും നിയമസഭയിലും മുന്നണിയില്‍ രണ്ടു തവണ മത്സരിച്ചപ്പോഴും ബിജെപിയുടെ ഉറച്ച പിന്തുണയുണ്ടായില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള വാര്‍ഡുകളിലും നേട്ടമുണ്ടാക്കാനായില്ല. അതേസമയം ബിജെപിക്ക് ബിഡിജെഎസ് ഉറച്ച പിന്തുണ നല്‍കുകയും ചെയ്തു.
എന്‍ഡിഎ നേതൃയോഗങ്ങളിലും സമുദായ പ്രാതിനിധ്യം അനുസരിച്ചുള്ള പരിഗണന ലഭിക്കുന്നില്ല. ഒക്ടോബറില്‍ തദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെ കൂടുതല്‍ അവസരം ഉറപ്പുതരുന്ന മുന്നണിയിലേക്ക് മാറുകയെന്നതാണു പ്രവര്‍ത്തകരുടെ താത്പര്യം.
അതേസമയം, മുന്നണി മാറ്റ ചര്‍ച്ചകള്‍ നടക്കുകയോ കോട്ടയം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കുകയോ ചെയ്തില്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ വിശദീകരണം. ബിഡിജെഎസ് എന്‍ഡിഎയില്‍ ഉറച്ചുനില്‍ക്കുമെന്ന് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനും പറഞ്ഞു.